Tuesday, 30 June 2015

നഷ്ട്ടപ്പെട്ടത്‌ അത് നഷ്ട്ടപ്പെട്ടത്‌ തന്നെ!!!!!!

നഷ്ട്ടപ്പെട്ടത്‌  അത് നഷ്ട്ടപ്പെട്ടത്‌ തന്നെ!!!!!!
����������������������

അന്നും പതിവുപോലെ മുക്കുവൻ കടലിൽ പോയി, അന്ന് വലിയ  സന്തോഷത്തിന്റെ ദിനമായിരുന്നു... നിറയെ മത്സ്യം കിട്ടി.അതിൽ വലിയൊരു മീനെടുത്ത് ഭാര്യയെ ഏല്പിച്ചു ബാക്കി മീനുമായി അയാൾ ചന്തയിലേക്ക് പുറപ്പെട്ടു.

മീൻ മുറിച്ച മുക്കുവത്തി എന്തോ തിളങ്ങുന്നതായി കണ്ടു സൂക്ഷിച്ചു നോക്കി, അത്ഭുതം മത്സ്യത്തിന്റെ വയറിനുള്ളിൽ  വലിയ ഒരു രത്നക്കല്ല് . മുക്കുവൻ തിരിച്ചു വന്നപ്പോൾ അവർ അത് അദ്ദേഹത്തെ ഏല്പ്പിച്ചു , അവർ പറഞ്ഞു "ഒരു രത്ന വ്യാപാരിയുടെ അടുത്ത് കൊടുത്താൽ നല്ല വിലകിട്ടാതിരിക്കില്ല, അതോടെ നമ്മുടെ കഷ്ട്ടപ്പാടൊക്കെ മാറും."

അയാൾ ആ രത്ന കല്ലുമായി പട്ടണത്തിലെ പ്രധാന രത്ന വ്യാപാരിയെ സമീപിച്ചു. അയാള് ആ രത്നക്കല്ല് പരിശോധിച്ച് നോക്കി. അയാൾ മുക്കുവനോട്‌ പറഞ്ഞു ഇത് വളരെ മുന്തിയ തരം രത്നമാണ് ഇത് വില തന്നു വാങ്ങാൻ എന്നെ കൊണ്ട് ശേഷിയില്ല. എന്റെ വീടും കടയും തന്നാലും ഇതിനു പകരമാകില്ല, നിങ്ങൾ ഒരു കാര്യം ചെയ്യൂ പട്ടണത്തിന്റെ ഗവർണറെ കാണൂ ഒരുപക്ഷെ അദ്ദേഹത്തിന് ഇത് വാങ്ങാൻ പറ്റും.

മുക്കുവാൻ ഗവർണറെ സമീപിച്ചു പക്ഷെ ഗവർണർ പറഞ്ഞു ഇത് വിലമതിക്കാൻ പറ്റാത്ത ഒന്നാണ് എന്നെ കൊണ്ട് ഇത് വാങ്ങാൻ പറ്റില്ല നിങ്ങൾ രാജാവിന്റെ അടുത്ത് ചെല്ലൂ എന്റെ നോട്ടത്തിൽ ഈ രത്നം വാങ്ങാൻ ഈ രാജ്യത്തു അതല്ലാതെ മറ്റൊരാളെ നിങ്ങള്ക്ക് കണ്ടെത്താൻ സാധിക്കില്ല.

മുക്കുവൻ രാജകൊട്ടാരത്തിൽ എത്തി രാജാവിനെ മുഖം കാണിച്ചു വന്ന കാര്യം ഉണർത്തി. എന്നിട്ട് അദ്ദേഹത്തിന് മുൻപിൽ ആ രത്നകല്ല്‌ സമര്പ്പിച്ചു. രാജാവിന് വളരെ സന്തോഷമായി അദ്ദേഹം പറഞ്ഞു "നാം വളരെക്കാലമായി ഇത്തരമൊരു ര്ത്നക്കല്ലിനായി തിരയുകായിരുന്നു..... നമുക്ക് സന്തോഷമായി. പക്ഷെ ഇതിന്റെ വിലക്ക് തക്കതായി നാം എന്ത് നൽകും?!!!  എന്ത് നല്കിയാലും അത് അധിഅകമാവില്ല. നാമിതാ നമ്മുടെ ഖജനാവ് താങ്കളുടെ മുൻപിൽ തുറന്നിട്ടിരിക്കുന്നു... താങ്കള്ക്കിതിൽ പ്രവേശിക്കാം... ആറു മണിക്കൂർ സമയം തരുന്നു അതിനിടയിൽ തങ്ങൾക്ക് ഇതിൽ നിന്ന് എന്ത് വേണമെങ്കിലും ശേഖരിക്കാം,അത് താങ്കൾക്ക് സ്വന്തം. ഇനിയുള്ള കാലം അതുമായി താങ്കൾക്ക്  സുഖമായി ജീവിക്കാം."

അറയിലേക്ക് കടന്ന മുക്കുവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സധിച്ചില്ല താനിതുവരെ രുചിച്ചിട്ടില്ലാത്ത പല തരം കനികൾ കൂടാതെ സ്വർണ നാണയങ്ങൾ അങ്ങനെ അങ്ങനെ സമ്പത്തിന്റെ കൂമ്പാരങ്ങൾ....!!!!. രത്നവുമയി വീട് വിട്ടു ഇറങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി. എന്തായാലും ആദ്യം    തന്റെ  വയറു നിറക്കാം പിന്നീട്    ആവശ്യത്തിനുള്ള സമ്പത്ത് ശേഖരിക്കാം. അയാൾ ആർത്തിപൂണ്ട് കായ്  കനികളും പഴച്ചാറുകളും ആവോളം അകത്താക്കി. താനിത് വരെ ഇത്ര രുചിയുള്ള ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. അപ്പഴാണ് അവിടെ വിരിച്ചിരിക്കുന്ന പട്ടുമെത്ത അയാളുടെ ശ്രദ്ധയിൽ പെട്ടത്. എന്തായാലും ഒന്ന് ക്ഷീണം മാറ്റിയിട്ടു ബാക്കി കാര്യം. എത്ര മാർദവമുള്ള വിരിപ്പുകൾ !!!!അയാൾക്ക്‌ സന്തോഷത്തിനതിരില്ലായിരുന്നു തന്നെ പോലെ ഭാഗ്യവാൻ വേറെ കാണില്ല. അധികം താമസിയാതെ അയാൾ  ഗാഢനിദ്രയിലാണ്ടു.

ഭണ്ടാരസൂക്ഷിപ്പുകരെത്തി തട്ടിയുണർത്തിയപ്പോഴാണ്  അയാൾ ചാടിപ്പിടിച്ച്ചു എഴുനേറ്റുത്.

ആ കിങ്കരന്മാർ അയാളോട് കൽപ്പിച്ചു "നിങ്ങള്ക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു ഉടനെ ഇവിടം വിട്ടു പുറത്തു പോകണം"

"എനിക്ക് ഒന്നും എടുക്കാൻ പറ്റിയില്ല ഒരു രണ്ടു മിനിട്ട് സമയം നീട്ടി താ ... ഞാൻ എന്തെങ്കിലുമൊന്നു എടുത്തോട്ടെ" അയാൾ ആ കിങ്കരന്മാരുടെ കാല് പിടിച്ചു അപേക്ഷിച്ചു നോക്കി . പക്ഷെ ഒരു മിനിട്ട് പോലും നീട്ടികൊടുക്കാൻ അവർ തയ്യാറില്ലായിരുന്നു. അവർ അയാളെ പിടിച്ചു കൊട്ടാരത്തിന് വെളിയിൽ തള്ളി.

അയാൾ തന്റെ ദുർവിധിയോർത്ത് പൊട്ടിക്കരഞ്ഞു. വിധിയെ പഴിച്ചെട്ട് എന്ത് കാര്യം എല്ലാം തന്റെ വിഡ്ഢിത്തം കൊണ്ട് സംഭവിച്ചതാണ് .തനിക്ക് നീണ്ട 6 മണിക്കൂർ നേരം രാജാവ് തന്നതാണ്. തനിക്കത് ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയില്ല. തന്റെ തെറ്റ്.. തന്റെ മാത്രം തെറ്റ് .......

ഇനിയൊന്നു ചിന്തിക്കൂ  ആരാണ് ആ മുക്കുവൻ?  അത് ഒരുപക്ഷെ ഞാനും നിങ്ങളുമാവാം...

അള്ളാഹു നീണ്ട 60 വര്ഷത്തെ (ചിലർക്കത് അല്പം കൂടുതലാകാം അതല്ലെങ്കിൽ അതിൽ കുറവാകാം) അവസരമാണ് നല്കിയിരിക്കുന്നത്. നമെന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്?ആ മുക്കുവൻ ചെയ്ത തെറ്റുകൾ നാം ആവർത്തിക്കുന്നു. നമുക്ക് കിട്ടിയ വിലപ്പെട്ട സമയം നാം വെറുതെ പാഴാക്കി കളയുന്നു.

ഇവിടെ ഒരു വ്യത്യാസമുള്ളത് ആ മുക്കുവനു സമയത്തെ കുറിച്ച് മുന്നറിയിപ്പ് നല്കാൻ ആരുമില്ലായിരുന്നു എന്നാൽ നമ്മുടെ കാര്യം അങ്ങനെയല്ല അള്ളാഹു നമുക്ക് നമുക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു

"സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാർ.

നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി, നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌, നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (പരിശുദ്ധ ഖുർആൻ 63:9,10,11)

ആ മുക്കുവനെ പോലെ വിഡ്ഢിത്തം പ്രവർത്തിക്കാതെ അള്ളാഹു കനിഞ്ഞരുളിയ വിലപ്പെട്ട സമയം പാഴാക്കാതെ സൽക്കർമം ചെയ്ത്  സ്വർഗം കരസ്ഥമാക്കാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.....ആമീൻ

No comments:

Post a Comment