Monday, 29 June 2015

കഥ

ഡോക്ടറെക്കണ്ട് ഇറങ്ങിവരുന്ന അമ്മയോടും മകളോടുമായി നേഴ്സ് പറഞ്ഞു " ഇന്നു ഇവിടെ അഡ്മിറ്റ്‌ ആകാനാണ് ഡോക്റ്റര്‍ പറഞ്ഞത്. നിങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് പോകാന്‍ ഡോക്ടര്‍ സമ്മതിച്ചത്. അതുകൊണ്ട് രാവിലെതന്നെ വരണം"

"ശരി സിസ്റ്റര്‍ ഞങ്ങള്‍ രാവിലെ തന്നെ വന്നോളാം" , എന്നുപ്പറഞ്ഞു അമ്മയും മകളും അവിടെ നിന്നും ഇറങ്ങി നടന്നു.

ഹോസ്പിറ്റലിന്‍റെ മുറ്റത്തിറങ്ങിയിട്ടു അമ്മ ആലോചിച്ചു. വീട്ടില്‍ പോയിവരാന്‍ സമയമില്ല. അടുത്തുള്ള ഏതെങ്കിലും ചെറിയ ഹോട്ടലില്‍ താമസിക്കാം. നാളെയാണ് മോളുടെ ഓപറേഷന്‍റെ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ്. അതിനുമുന്‍പ്‌ അവള്‍ക്കിഷ്ടപ്പെട്ട ആഹാരം വാങ്ങികൊടുക്കണം. ഇതെല്ലാം ചിന്തിച്ചു അവര്‍ മുന്നോട്ടു നടന്നു.

അതുവഴിപോയ ഓട്ടോയ്ക്ക് കൈകാണിച്ചു. അതില്‍ക്കയറിയിരുന്ന് അമ്മ പറഞ്ഞു. "ഏതെങ്കിലും ചെറിയ ഒരു ഹോട്ടലില്‍ പോകണം ഞങ്ങള്‍ക്ക്. ഇന്നു അവിടെ താമസിക്കണം. അതിനു പറ്റിയ ഒരു ഹോട്ടല്‍ വേണം"

അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. "ശരി. എനിക്കറിയാവുന്ന നല്ലൊരു ഹോട്ടലുണ്ട്. അവിടെ കാശും കുറവാണ്" . അങ്ങനെ ഡ്രൈവര്‍ അവരെ ഹോട്ടലിലാക്കി. ബാഗും സാധനങ്ങളും അവിടെ റൂമില്‍ വെച്ചിട്ട് പുറത്തു വന്നു.
അമ്മ നേരെ മാനേജരുടെ അടുത്തുചെന്നുപറഞ്ഞു.. "ഞങ്ങള്‍ ഇവിടെ നാലാംനമ്പര്‍ റൂമിലെയാണ്. എന്‍റെ മോള്‍ക്ക്‌ തലക്കു കാന്‍സര്‍ ആണ്. നാളെ അവളുടെ ഓപ്പറെഷനുവേണ്ടി വന്നതാണ് ഞങ്ങള്‍. ഇപ്പോള്‍‌ ഞങ്ങള്‍ ഒന്നുപുറത്തുപോവുകയാണ്. മറ്റൊന്നിനും അല്ല. അവളുടെ മുടി മുറിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. മുടിമുറിക്കുകയെന്നാല്‍ തലമൊട്ടയടിക്കണം" ഇതുപറയുമ്പോള്‍ ആ അമ്മ പൊട്ടിക്കരഞ്ഞുപോയി. എന്നിട്ട് മകളുകേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു. അവളുടെ തലമൊട്ടയടിക്കുന്നതിനൊപ്പം ഞാനും എന്‍റെ തലയും മൊട്ടയടിക്കും. എന്‍റെ മോള്‍ക്കു വേദനിക്കാതിരിക്കാന്‍. എനിക്ക് ഒരു നേര്‍ച്ചയുണ്ട് അതുകൊണ്ടാണ് ഞാനും മൊട്ടയടിക്കുന്നത് എന്നും ഞാനവളോട് പറയും. തലമുടിയില്ലാതെ കയറിവരുന്ന ഞങ്ങളെ നോക്കി നിങ്ങളാരും ചിരിക്കരുത്. നിങ്ങള്‍ ചിരിച്ചാല്‍ അത് എന്‍റെ മോളെ കുടുതല്‍ വിഷമിപ്പിക്കും. അതുകൊണ്ട് സാര്‍ ഇവിടെയുള്ള എല്ലാ ആള്‍ക്കാരോടും പറയണം. തലമൊട്ടയായി വരുന്ന ഞങ്ങളെ നോക്കി ആരും ചിരിക്കരുതെന്നു. മാനേജേര്‍ സമ്മതിച്ചു.

അങ്ങനെ അമ്മയും മകളും പുറത്തുപോയി. അങ്ങനെ തലമൊട്ടയടിച്ചു അവര്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടലില്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. മാനേജരടക്കം ആ ഹോട്ടലിലെ എല്ലാ ജോലിക്കാരും തലമൊട്ടയടിചിരിക്കുന്നു. അമ്മയും മകളും കയറിവരുമ്പോള്‍ ബഹുമാനാര്‍ത്ഥം അവര്‍ എണീറ്റുനിന്ന് അവരെ സ്വാഗതം ചെയ്തു. ഇതുകണ്ട ആ അമ്മയുടെ രണ്ടുകണ്ണും സന്തോഷത്താല്‍ നിറഞ്ഞൊഴുകി.

സഹജീവികലോടുള്ള സ്നേഹവും കരുണയും ആണ് ഇവിടെ നമുക്ക് കാണാന്‍ കഴിഞ്ഞത്. വലിയക്കാര്യങ്ങള്‍ ഒന്നും ചെയ്യാനായില്ലെങ്കിലും ചെയ്യാന്‍ക്കഴിയുന്ന ചെറിയക്കാര്യങ്ങള്‍ നാം ചെയ്യണം.

(ആരാണ് ഇത് എഴുതിയത് എന്നറിയില്ല.. ഒരിടത്ത് വായിച്ചപ്പോള്‍ ഷെയര്‍ ചെയ്തതാണ്. നന്മയുടെ ഈ കഥ എഴുതിയ ആള്‍ക്ക് കടപ്പാട്)

No comments:

Post a Comment