Sunday, 31 May 2015

ഖബറടക്കല്‍

��ഖബറടക്കല്‍��

��ജനാസ ജീര്‍ണിച്ചാല്‍ വാസന പുറത്തുവരാത്തതും വന്യജീവികള്‍ മാന്തി ജനാസ പുറത്താകാന്‍ ഇടയില്ലാത്തതുമായ കുഴിയാണ് ഖബ്റ് കൊണ്ടുദ്ദേശിക്കുന്ന ഏറ്റവും ചുരുങ്ങിയ രൂപം. ഒരാള്‍ ഇറങ്ങി നിന്നു കൈപൊക്കിയാല്‍ ഭൂനിരപ്പ് തൊടാവുന്ന  ദീര്‍ഘചതുരത്തിലുള്ള കുഴിയാണ് പൂര്‍ണമായ ഖബ്റ് (ജമല്‍).

ഭൂനിരപ്പില്‍ മയ്യിത്തു കിടത്തി ചുറ്റുഭാഗവും കെട്ടിപ്പടുത്ത് ഖബ്റ് രൂപപ്പെടുത്തിയാല്‍ മതിയാവുകയില്ല. ജഡം മറമാടുന്ന സമ്പ്രദായം മനുഷ്യനെ പഠിപ്പിച്ചതു പറവകളില്‍ നിന്ദ്യനായ കാക്കയാണെന്നു ചരിത്രം. ആദം നബി(അ)യുടെ പുത്രന്മാരായ ഹാബീലുംþ-ഖാബീലും തമ്മിലുണ്ടായ തര്‍ക്കവും പകയും ചരിത്ര പ്രസിദ്ധമാണല്ലോ. ഖാബീല്‍ വൈരം മൂത്തു ഹാബീലിനെ കൊല ചെയ്തു. ജഡം എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുമ്പോഴാണ് ഒരു കാക്ക തന്റെ സഹജീവിയുടെ ജഡം മണ്ണുമാന്തി കുഴിച്ചുമൂടുന്നത് കണ്ടത്. ഈ ചെറുജീവിയുടെ ബുദ്ധിപോലും തനിക്കില്ലാതെപോയല്ലോ എന്നു ഖാബീല്‍ പരിതപിച്ചു. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ മാഇദയില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.

സാധാരണപോലെ ഖബ്റ് കുഴിച്ചു കുഴിയുടെ ഒരു ഭാഗം ഉള്ളിലേക്ക് തുരന്നു മയ്യിത്ത് തള്ളിക്കയറ്റി അടക്കം ചെയ്യുന്നതാണു ശ്രേഷ്ഠം. നബി(സ്വ)യെ ഇങ്ങനെയാണു മറവുചെയ്തതെന്നും എന്നെയും അങ്ങനെ ചെയ്യണമെന്നും സഅ്ദ്ബ്നു അബീവഖാസ്(റ) വസ്വിയ്യത്ത് ചെയ്തതായി മുസ്ലിം നിവേദനം ചെയ്ത ഹദീസിലുണ്ട്. ഖബ്റിന്റെ വായ് ഭാഗം അടച്ചു എന്നു ഹദീസില്‍ കാണാം. ഇത്തരം ഖബ്റുകള്‍ നമ്മുടെ നാട്ടില്‍ കാണാറില്ല. ഉറപ്പ് കുറഞ്ഞ മണ്ണായതുകൊണ്ട് തുരങ്കം ഇടിഞ്ഞു പോകാനിടയുണ്ട്.

സാധാരണഗതിയില്‍ മയ്യിത്ത് പെട്ടിയിലാക്കി മറവുചെയ്യല്‍ കറാഹത്താണ്. നനവില്ലാത്ത മണല്‍ പ്രദേശമാണെങ്കില്‍ ചിലപ്പോള്‍ കുഴി ഇടിഞ്ഞുകൊണ്ടിരിക്കും. ചില സ്ഥല ത്ത് കുഴിക്കുന്തോറും വെള്ളം ഉറഞ്ഞുവരും. ഇത്തരം ഘട്ടങ്ങളില്‍ മയ്യിത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പെട്ടിയിലാക്കി മറവുചെയ്യാം. ഖബ്റില്‍ വിരിപ്പ്, തലയിണ തുടങ്ങിയ യാതൊരു സൌകര്യവും ചെയ്യാന്‍ പാടില്ല. കറാഹത്താണ്. ഭൌതിക സൌകര്യങ്ങളെല്ലാം ഭൂമിയുടെ പുറത്തു മാത്രം.

��ഇനി മയ്യിത്ത് ഖബ്റില്‍ താഴ്ത്തേണ്ട വിധം പറയാം. കുഴിയില്‍ വെച്ചാല്‍ മയ്യിത്തിന്റെ കാല്‍ഭാഗം വരുന്ന ഭാഗത്തു നിന്നാണ് മയ്യിത്ത് ഖബ്റിലേക്ക് ഇറക്കേണ്ടത്. ഈ സമയം ഒരു തുണികൊണ്ട് ഖബ്റിനു മുകളില്‍ മറ പിടിക്കലും ‘ബിസ്മില്ലാഹി വഅലാമില്ലത്തി റസൂലില്ലാഹി’ എന്നു പറയലും സുന്നത്താണ്. ഖബ്റില്‍ മയ്യിത്ത് താഴ്ത്താന്‍ ആവശ്യമായ ആളുകളുടെ എണ്ണം ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റസംഖ്യ ആകല്‍ സുന്നത്താണ്. നബി(സ്വ)യുടെ പുണ്യജനാസ ഖബ്റില്‍ താഴ്ത്തിയത് അലി(റ), അബ്ബാസ്(റ), ഫള്ല്(റ) എന്നിവരായിരുന്നെന്നും ശുഖ്റാന്‍, ഖതമുബ്നു അബ്ബാസ്(റ) എന്നിവര്‍ സ ഹായത്തിനുണ്ടായിരുന്നെന്നും ഹദീസില്‍ കാണാം (ഇബ്നുഹിബ്ബാന്‍, അബൂദാവൂദ്).

മയ്യിത്ത് കുളിപ്പിക്കാനും നിസ്കരിക്കാനും അര്‍ഹതപ്പെട്ട ക്രമം തന്നെയാണ് മയ്യിത്തു ഖബ്റില്‍ താഴ്ത്തുന്ന കാര്യത്തിലും പാലിക്കേണ്ടത്. എന്നാല്‍ ഭാര്യ മരിച്ചാല്‍ ഖബ്റില്‍ താഴ്ത്താനുള്ള പ്രഥമ അവസരം ഭര്‍ത്താവിനാണ്.

��ചരിച്ചു കിടത്തല്‍ നിര്‍ബന്ധം��

��മയ്യിത്ത് ഖിബ്ലയുടെ ഭാഗത്ത് മുഖവും നെഞ്ചും വരുന്ന തരത്തില്‍ വലതുഭാഗം ചരിച്ചു കിടത്തല്‍ നിര്‍ബന്ധമാണ്. മറവു ചെയ്തു തിരിച്ചുവന്ന ശേഷമാണു മലര്‍ത്തിയാണ് മയ്യിത്ത് വെച്ചതെന്ന കാര്യം ഓര്‍ത്തതെങ്കില്‍ മണ്ണുനീക്കി ഖബ്റ് തുറന്നു മയ്യിത്ത് ഖി ബ്ലക്കു നേരെ ചരിച്ചു കിടത്തണം. പക്ഷേ, മറമാടി കുറച്ചു ദിവസം കഴിഞ്ഞാണു ഓര്‍മ്മ വന്നതെങ്കില്‍ ഖബ്റ് തുറക്കരുത്. കാരണം ജനാസ അഴുകിത്തുടങ്ങിയിരിക്കും.

മലര്‍ത്തിക്കിടത്തിയ മയ്യിത്തിന്റെ മുഖം മാത്രം ഖിബ്ലക്കു നേരെയാക്കിയാല്‍ മതിയാവുകയില്ല. മയ്യിത്തിന്റെ മധ്യഭാഗം അല്‍പം വളച്ച് മുഖവും മുട്ടുകളും ഖബ്റിന്റെ മുമ്പിലുള്ള ഭിത്തിയിലും അരഭാഗം പിന്നിലുള്ള ഭിത്തിയിലും തട്ടത്തക്കവിധം ഏകദേശം റുകൂഇന്റെ ആകൃതിയില്‍ കിടത്തിയാല്‍ മയ്യിത്തു മലര്‍ന്നു പോകാതിരിക്കും.

വലതുഭാഗം ചരിച്ചു കിടത്തിയ ശേഷം, കഫന്‍ ചെയ്യുമ്പോള്‍ കെട്ടിയ മൂന്നു കെട്ടുകളും അഴിക്കണം. തലയുടെ ഭാഗത്ത് കഫന്‍ തുണി നീക്കി ഒരിഷ്ടികയോ കല്ലോ വെച്ച് തല അല്‍പം ഉയര്‍ത്തുക. കവിള്‍ത്തടം മണ്ണിലോ ഇഷ്ടികയിലോ ചേര്‍ത്തിവെക്കുകയും വേണം. ശേഷം ഉള്‍ഖബ്റിന്റെ പടവുകളില്‍ പലകയോ വെട്ടുകല്ലോ വച്ചുമൂടണം. പഴുതുകളിലൂടെ മണ്ണ് ചോര്‍ന്നുപോകാതിരിക്കാന്‍ മണ്ണുകുഴച്ചോ പച്ചിലകൊണ്ടോ തുണിക്കഷ്ണം കൊണ്ടോ പഴുതുകള്‍ അടക്കണം.

��❌പലക വയ്ക്കാതെ മയ്യിത്തിന്റെ മേല്‍ മണ്ണിടുന്നത് ഹറാമാണ്. അടച്ച പലകപ്പുറത്തേക്കാണ് മണ്ണിടേണ്ടത്.  പലക വെച്ചശേഷം കൂടിയിരിക്കുന്നവര്‍ ആദ്യമായി രണ്ടു കയ്യും  ഉപയോഗിച്ച് മൂന്നു പിടി മണ്ണു വാരിയിടണം. ഇതു ചെയ്യുമ്പോള്‍��

مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ

എന്ന ഖുര്‍ആന്‍ സൂക്തം ഉരുവിടണം. ഓരോ വാക്യം ഉച്ചരിക്കുമ്പോഴും ഓരോ പിടി മണ്ണ്
എന്ന ക്രമത്തില്‍.

��അര്‍ഥം: ഈ മണ്ണില്‍ നിന്നു നിങ്ങളെ നാം സൃഷ്ടിച്ചു. ഇതിലേക്കു തന്നെ മടക്കുന്നു. ഇനിയൊരിക്കല്‍ ഈ മണ്ണില്‍ നിന്നു തന്നെ നിങ്ങളെ നാം പുനരുജ്ജീവിപ്പിക്കും.��

��ശേഷം ഖബ്റ് മൂടണം. ഖബ്റ് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ ഉയരുന്നത് സുന്നത്താണ്. സ്തൂപാകൃതിയില്‍ ഉയര്‍ത്തുന്നതിനേക്കാള്‍ ഉത്തമം പരത്തി ഉയര്‍ത്തുന്നതാണ്.

മീസാന്‍കല്ല് നാട്ടലും തണുത്ത വെള്ളം കുടയലും സുന്നത്താണ്. ഉസ്മാനുബ്നുമള്ഊന്റെ ഖബ്റിന്റെ തലഭാഗത്തു നബി(സ്വ) മീസാന്‍ നാട്ടുകയും സ്വപുത്രന്‍ ഇബ്റാഹീമിന്റെ ഖബ്റിന്മേല്‍ വെള്ളം നനയ്ക്കുകയും ചെയ്തതായി ഹദീസില്‍ വന്നിട്ടുണ്ട്.

ഖബ്റിന്മേല്‍ ചെടി നാട്ടുന്നതു നബിചര്യയാണ്. ഖബ്റിന്മേല്‍ കുത്തുന്ന ചെടി പച്ചയായിരിക്കുന്ന കാലത്തോളം അതിന്റെ തസ്ബീഹിന്റെ മഹത്വം മയ്യിത്തിനു ലഭിക്കുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. എങ്കിലും ഇതിന്നായി മറ്റൊരു ഖബ്റിന്മേല്‍ നിന്നു ചെടി ഒടിച്ചെടുക്കല്‍ ഹറാമാണ്. മറ്റൊരാളുടെ അവകാശം കവര്‍ന്നെടുക്കലാണല്ലോ അത്.

��തസ്ബീത്ത്, തല്‍ഖീന്‍��

ഖബറടക്കം കഴിഞ്ഞാല്‍ തല്‍ഖീനും തസ്ബീത്തും ചൊല്ലുന്നതിനുവേണ്ടി അല്‍പ സമയം ഖബ്റിന്നടുത്തു തന്നെ തങ്ങണം. കര്‍മ്മശാസ്ത്ര പണ്ഢിതന്മാരെല്ലാം ഏകോപിച്ച കാര്യമാണിത്. എന്നെ മറവുചെയ്താല്‍ ഒട്ടകത്തെ അറുത്ത് മാംസം വിതരണം ചെയ്യാനെടുക്കുന്ന സമയം നിങ്ങളെന്റെ ഖബറിന്നടുത്തു തങ്ങണമെന്നു പ്രശസ്ത സ്വഹാബിവര്യന്‍ അംറുബ്നുല്‍ ആസ്വ്(റ) വസ്വിയ്യത്ത് ചെയ്തത് മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ കാണാവുന്നതാണ്. ഇങ്ങനെ ചെയ്യേണ്ടതിന്റെ ന്യായവും പ്രസ്തുത ഹദീസില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. നിങ്ങളുടെ സാന്നിദ്ധ്യം എനിക്കാശ്വാസവും എന്റെ രക്ഷിതാവിന്റെ ദൂതന്മാര്‍ ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം തോന്നാന്‍ കാരണമാവുകയും ചെയ്യും. മയ്യിത്ത് മറമാടല്‍ പൂര്‍ത്തിയായാല്‍ നബി(സ്വ) ഖബ്റിനടുത്ത് നില്‍ക്കുകയും, നിങ്ങളുടെ സഹോദരനുവേണ്ടി പൊറുക്കലിനെ തേടുകയും തസ്ബീത്ത് ചൊല്ലുകയും ചെയ്യുവിന്‍ എന്നു പറയുകയും ചെയ്തിരുന്നതായി അബൂദാവൂദ്(റ), ഹാകിം(റ), ബസ്സാ ര്‍(റ)  എന്നിവര്‍ നിവേദനം ചെയ്തിട്ടുണ്ട്. മറമാടിയതിനുശേഷം ഒരു മണിക്കൂറെങ്കിലും ഖബ്റിന്നടുത്തുവെച്ച് തസ്ബീത്ത് ചൊല്ലണമെന്നു മിന്‍ഹാജും, അംറുബ്നുല്‍ ആസ്വ് (റ) വസ്വിയ്യത്ത് ചെയ്ത കാര്യം തുഹ്ഫയും (3/206) ഉദ്ധരിച്ചിട്ടുണ്ട്.

��മറമാടിയ ശേഷം തല്‍ഖീനു മുമ്പ് തസ്ബീത്ത് ചൊല്ലണം. അതിപ്രകാരമാണ്.��

اللهم ثبته عند السؤال اللهم الهمه الجواب اللهم جاف القبر عن جنبيه اللهم اغفر له وارحمه اللهم امنه من كل الفزع اللهم اغفر له وارحمه

��അര്‍ഥം: അല്ലാഹുവേ, ചോദ്യസമയത്ത് ഇവനെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഇവന്നു നീ മറുപടി തോന്നിപ്പിക്കേണമേ. അല്ലാഹുവേ, ഇവന്റെ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും ഖ ബ്റിനെ നീ വിശാലമാക്കിക്കൊടുക്കേണമേ. അല്ലാഹുവേ, ഇവനു നീ പൊറുത്തു കൊ ടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, എല്ലാ ഭയാശങ്കകളില്‍ നിന്നും ഇവനെ നീ നിര്‍ഭയനാക്കേണമേ. ഇവനു നീ പൊറുത്തുകൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ.��

��പ്രായപൂര്‍ത്തിയായ മയ്യിത്തിനേ തല്‍ഖീന്‍ സുന്നത്തുള്ളൂ (തുഹ്ഫ). മയ്യിത്തിന്റെ മുഖം അഭിമുഖമായി വരുന്ന വിധം ഇരുന്നാണു തല്‍ഖീന്‍ ചൊല്ലേണ്ടത്. ഫത്ഹുല്‍ മുഈനില്‍ വിവരിച്ച തല്‍ഖീന്റെ വചനങ്ങളുടെ രൂപം താഴെ ചേര്‍ക്കും വിധമാണ്:

يا عبد الله ابن أمة الله، اذكر العهد الذي خرجت عليه من الدنيا، شهادة أن لا إله إلا الله وحده لا شريك له، وأنّ محمدًا عبده ورسوله، وأن الجنة حق، وأن النار حق، وأن البعث حق، وأن الساعة آتية لا ريب فيها، وأن الله يبعث من في القبور، وأنك رضيت بالله ربا، وبالإسلام دينا، وبمحمدٍ صلى الله عليه وسلم نبيًا، وبالقرءان إماما، وبالكعبة قبلة، وبالمؤمنين إخوانا لا إله إلا هو عليه توكلت وهو رب العرش العظيم

��അര്‍ഥം: അല്ലാഹുവിന്റെ ദാസിയുടെ പുത്രനും അല്ലാഹുവിന്റെ അടിമയുമായവനേ, ഏതൊരു കരാറിന്മേല്‍ നീ ഇഹലോകത്തു നിന്നു പുറപ്പെട്ടുവോ ആ കരാറിനെ നീ സ് മരിക്കൂ. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും അവന്‍ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യവാക്യങ്ങളാകുന്നു ആ കരാര്‍. സ്വര്‍ഗ നരകങ്ങളും പുനര്‍ജീവിതവും സ ത്യമാകുന്നു. അന്ത്യനാള്‍ വരിക തന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു ഖബ്റിലുള്ളവരെ ജീവിപ്പിക്കുന്നതാണ്. രക്ഷാകര്‍ത്താവായി അല്ലാഹുവിനെയും ദീനായി ഇസ്ലാമിനെയും നബിയായി മുഹമ്മദ് നബി(സ്വ)യെയും ഇമാമായി ഖുര്‍ആനെയും ഖിബ്ല യായി കഅ്ബയെയും നീ തൃപ്തിപ്പെട്ടിരിക്കുന്നു. എന്റെ നാഥന്‍ അല്ലാഹു ആകുന്നു. അവനല്ലാതെ മറ്റൊരാരാധ്യനില്ല. അവനില്‍ ഞാന്‍ അര്‍പ്പണം ചെയ്യുന്നു.��

തല്‍ഖീന്‍ മൂന്നു തവണ ആവര്‍ത്തിക്കല്‍ സുന്നത്തുണ്ട്. അതുപോലെ മയ്യിത്ത് സ്ത്രീയുടേതാണെങ്കില്‍ ‘അബ്ദില്ലാഹി’ എന്നതിനു പകരം ‘അമതില്ലാഹി’ എന്നുപയോഗിക്കണം. സര്‍വ്വനാമങ്ങള്‍ സ്ത്രീലിംഗമായും മാറ്റണം.

��ഒരു ഖബ്റില്‍ രണ്ടു മയ്യിത്ത്��

��മരിച്ചത് ആണായാലും പെണ്ണായാലും ഖബറടക്കുന്ന ഉത്തരവാദിത്തം പുരുഷന്മാര്‍ക്കാണ്. വിവാഹബന്ധം അനുവദിക്കപ്പെട്ട അന്യസ്ത്രീയേയും പുരുഷനേയും ഒരു ഖബ്റില്‍ മറവുചെയ്യല്‍ ഹറാമാണ്. വിവാഹബന്ധം നിഷിദ്ധമായ ആണിനേയും പെണ്ണിനേയും – ഉദാഹരണം സഹോദരനും സഹോദരിയും ഉമ്മയും മകനും ഒരു ഖബ്റില്‍ അടക്കം ചെയ്യല്‍ കറാഹത്താണ്.

അതുപോലെ ഒരു വര്‍ഗത്തില്‍ പെട്ട മയ്യിത്തുകള്‍ (രണ്ടോ അതിലധികമോ പുരുഷന്മാര്‍ അല്ലെങ്കില്‍ സ്ത്രീകള്‍) ആവശ്യമില്ലാതെ ഒരു ഖബ്റില്‍ വെക്കുന്നതും കറാഹത്താണ്. കുറേയേറെ മൃതദേഹങ്ങളുണ്ടാവുകയും എല്ലാവര്‍ക്കും പ്രത്യേകം കുഴിവെട്ടാന്‍ പ്രയാസമാവുകയും ചെയ്താല്‍ ഒന്നിലധികം മയ്യിത്തുകള്‍ ഒരു ഖബ്റില്‍ അടക്കം ചെയ്യാവുന്നതാണ്. ഉഹ്ദിലെ ശുഹദാക്കളെ രണ്ടുപേര്‍ വീതം ഖബറടക്കിയതായി ചരിത്രമുണ്ട്.

പഴയ ഖബ്റിലെ മയ്യിത്തിന്റെ അവശിഷ്ടങ്ങള്‍ തീര്‍ത്തും ദ്രവിച്ചുപോയിട്ടില്ലെങ്കില്‍ അതില്‍ മറ്റൊന്ന് വെക്കരുത്. കുഴിച്ചു പകുതിയായപ്പോഴാണ് മയ്യിത്തിന്റെ ജീര്‍ണിക്കാത്ത ഭാഗങ്ങള്‍ കണ്ടെന്നിരിക്കട്ടെ. എന്നാല്‍ മൂടിക്കളയണം. ഖബ്റിന്റെ പണിയെല്ലാം പൂര്‍ത്തിയായ ശേഷമാണ് കണ്ടതെങ്കില്‍ പ്രശ്നമൊന്നുമില്ല. അവശിഷ്ടങ്ങള്‍ ഒരു ഭാഗത്ത് മാറ്റിവെച്ച് അതില്‍ തന്നെ മറവുചെയ്യാം. ഖബ്റിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഇതു സംബന്ധിച്ചു നല്ല പരിചയമുള്ളവരുടെ അഭിപ്രായം സ്വീകരിക്കാം.

��ഗര്‍ഭിണി മരിച്ചാല്‍��

ഗര്‍ഭിണി മരിച്ചാല്‍ വയറ്റിലെ കുട്ടിയും മരിച്ചെന്ന് ഉറപ്പുവരുന്നതുവരെ മറവുചെയ്യാന്‍ പാടില്ല. വയറ്റിലെ കുട്ടി മരിക്കാന്‍ വേണ്ടി പുറമെ എന്തെങ്കിലും ചെയ്യാനും പാടില്ല. ഓപ്പറേഷന്‍ മുഖേന കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടാല്‍ വയറുകീറി കുട്ടിയെ രക്ഷിക്കല്‍ നിര്‍ബന്ധമാണ്. ഈ ആവശ്യത്തിനു വേണ്ടിവന്നാല്‍ മറവു ചെയ്ത മയ്യിത്ത് മാന്തലും നിര്‍ബന്ധമാണ്. കുട്ടിയെ ജീവനോടെ കിട്ടുമെന്ന പ്രത്യാശയില്ലെങ്കില്‍ വയറുകീറല്‍ നിഷിദ്ധമാണ്.

��ആഴക്കടലില്‍��

സമുദ്രയാത്രക്കിടയില്‍ മരിച്ച വ്യക്തിയുടെ ജനാസ ഖബറടക്കുന്നതിനു കരക്കെത്തിക്കാന്‍ കഴിയാത്ത സാഹചര്യം വരാം. ദിവസങ്ങള്‍ കഴിഞ്ഞാകും കപ്പല്‍ കരക്കെത്തുക. അപ്പോഴേക്കും മയ്യിത്ത് ജീര്‍ണിക്കും. എങ്കില്‍ കുളിപ്പിച്ചു കഫന്‍ ചെയ്തു നിസ്കരിച്ചു ഒരു പലകയില്‍ കിടത്തി ഭദ്രമാക്കി വെള്ളത്തില്‍ താഴ്ന്നുപോകാന്‍ ആവശ്യമായ ഭാരം വെച്ചു കടലിലേക്കു താഴ്ത്തണം. വെള്ളത്തില്‍ ആഴ്ത്തിയ ശേഷം തസ്ബീതും തല്‍ ഖീനും നിര്‍വഹിക്കണം (ബിഗ്യ).

��ഖുര്‍ആന്‍ പാരായണം��

മയ്യിത്തിനുവേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പുണ്യമുള്ളതും പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതുമാണ്. ‘നിങ്ങളില്‍ നിന്നു മരണപ്പെട്ടവരുടെ പേരില്‍ യാസീന്‍ ഓതുക’ എന്ന അബൂദാവൂദിന്റെ ഹദീസ് തന്നെ ഇ തിനു മതിയായ തെളിവാണ്. ഒരാള്‍ ഖബ്റിനരികില്‍ നിന്നു ഫാതിഹ, ഇഖ്ലാസ്വ്, അത്തകാസുര്‍ സൂറകള്‍ ഓതിയശേഷം ഇതിന്റെ പ്രതിഫലം ഖബ്റില്‍ കഴിയുന്നയാള്‍ക്ക് ഹദ്യ ചെയ്തു എന്നു പറഞ്ഞാല്‍ അവന്‍ പരേതാത്മാവിനുവേണ്ടി ചെയ്തു എന്നു നബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്തിട്ടുണ്ട് (ശറഹുസ്സ്വുദൂര്‍). ഖബ്റിനുമേല്‍ ഈത്തപ്പന മട്ടല്‍ കുത്തിയശേഷം ഇതു പച്ചയായിരിക്കുമ്പോഴെല്ലാം ഇ തിന്റെ പരേതാത്മാവിന്റെ ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന ഹദീസ് ഉദ്ധരിച്ചശേഷം ഖബ്റിനടുത്തുവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഏതായാലും ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന് ഹാഫിള് ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ വിവരിക്കുന്നുണ്ട് (1/255).

അന്‍സ്വാരികളായ സ്വഹാബികളാരെങ്കിലും മരണപ്പെട്ടാല്‍ ഖുര്‍ആന്‍ പാരായണം ചെ യ്യാന്‍ വേണ്ടി അവര്‍ ഇടവിട്ടു പരേതന്റെ ഖബ്റിടത്തില്‍ പോകാറുണ്ടായിരുന്നുവെന്നും മുന്‍ഗാമികള്‍ ഖബ്റിനടുത്തുവെച്ചു ഖുര്‍ആന്‍ പാരായണത്തിനു വസ്വിയ്യത്തു ചെയ്തിരുന്നുവെന്നും തന്റെ ‘അര്‍റൂഹി’ല്‍ ഇബ്നുഖയ്യിം പറയുന്നുണ്ട്. ഇബ്നുഖയ്യിമിനെ ദീനിലെ പരിഷ്കരണവാദിയായി ഉയര്‍ത്തിക്കാട്ടുന്നവരാണിന്ന് ഖത്തം ഓത്ത് ബിദ്അത്താണെന്നു പറഞ്ഞു നടക്കുന്നത്!

ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ

       
ഇസ്ലാം സമാധാനത്തിന്റ മതം

No comments:

Post a Comment