Saturday, 9 May 2015

ഉമ്മ

ഉമ്മ പോകുമ്പോള്‍

ഉണങ്ങിയ കെട്ടിടമാകും വീട്

ഉറക്കം പാതിയില്‍ മുറിയും

ഉണര്‍ന്നിരുന്ന് ഓര്‍മകള്‍ കരയും

ഉമ്മ നട്ടതും നനച്ചതും

നൂലില്‍ കോര്‍ത്തതും

ഓതി അടയാളമിട്ടതും കണ്ട്

ഉള്ളിലൊരു മഴ തുടങ്ങുന്നത്

അവള്‍ മാത്രം തൊട്ടറിയും

അവളും ഉമ്മയാണല്ലോ.

ഉമ്മയുടെ വേര്‍പാടില്‍ വെന്തുണങ്ങിയ നാളുകളില്‍, വീടിന്റെ അകവും പുറവും ആ തലോടലില്ലാതെ അനാഥമായപ്പോള്‍ മനസ്സെഴുതിയ വരികളാണിത്. ഉമ്മയെ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് സ്‌നേഹത്തിന്റെ ഒരു രാജ്യമാണെന്ന് ഉമ്മയെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും...... വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയും നടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്...... ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും...... ഉമ്മ തൊടുമ്പോള്‍


പ്രമുഖ മനശ്ശാസ്ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു: മെഡിക്കല്‍ കോളേജില്‍, മാസം തികയുന്നതിനു മുമ്പ് ഒരു കുഞ്ഞ് പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയെയും കുഞ്ഞിനെയും ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന് രക്ഷിക്കാനായി ഒരു നഴ്‌സ് കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക് കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ് മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കൈയില്‍ കൊടുത്ത് സദാ സമയവും സ്‌നേഹപൂര്‍വം തലോടാനും ലാളിക്കാനും നിര്‍ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു..... രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്. അവള്‍ നല്ല ആരോഗ്യവതിയായി കഴിയുന്നു. മരുന്നിനും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്പര്‍ശത്തിനും പരിലാളനക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് പുസ്തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്ഗുണങ്ങള്‍ കുറയുമെന്ന് പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കല്‍പനകളും നിര്‍ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന് മക്കളിലേക്ക് പകരുകയുള്ളൂവെന്നര്‍ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്. എങ്കില്‍ ഓര്‍ത്തുനോക്കൂ, ഉമ്മയെ ഒന്നുമ്മ വെച്ചിട്ടെത്ര കാലമായി? ഉപ്പയെ ഒന്ന് ചേര്‍ത്തുപിടിച്ചിട്ട് എത്ര നാളായി? പെങ്ങളെ, അനിയനെ, മക്കളെ ഒന്നു തൊട്ടിട്ട് എത്ര ദിവസങ്ങളായി? വല്ല്യുമ്മയും വല്ല്യുപ്പയുമുള്ള വീട്


ഒരു അധ്യാപക സുഹൃത്ത് പറഞ്ഞതാണ്; വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിനു കുട്ടി മറുപടി പറഞ്ഞു, ഉമ്മയും ഉപ്പയും ഇക്കയും അനിയത്തിയും.’വല്ല്യുപ്പയും വല്ല്യുമ്മയുമൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിങ്ങനെ പറഞ്ഞുവത്രെ;‘ആഹ്.. ഉമ്മൂമ്മയുണ്ട്! വീട്ടിലെ സവിശേഷമായ ഒരംഗമായി ഉമ്മൂമ്മയെ മാതാപിതാക്കള്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടി ആദ്യം എണ്ണിപ്പറയുന്നത് ഉമ്മൂമ്മയെ ആയിരിക്കുമെന്ന് തീര്‍ച്ച.


വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും ആ‘പൊന്നുമ്മ കാത്തിരിക്കും.


വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍.


മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;


പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''


കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.


നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ.....!! 😌😌😒😒
 👆Ethu Ningalku Vaayichaal Time Neshttam Aavilaa👍

No comments:

Post a Comment