ജീര്‍ണ്ണതയുടെ കോമാളിവേഷം കെട്ടിയാടുന്ന ‘ഉത്തമസമുദായം’
വിവാഹം എന്ന പരിപാവനമായ കര്‍മ്മത്തെ എത്രത്തോളം പരിഹാസ്യമാക്കാന്‍ കഴിയും എന്നതില്‍ ഗവേഷണം നടത്തുകയാണോ കേരളത്തിലെ, വിശിഷ്യാ മലബാറിലെ മുസ്ലിം സമൂഹം എന്ന് തോന്നിപ്പോകുന്നു ഇപ്പോഴത്തെ ചില കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍.
പണക്കൊഴുപ്പും പൊങ്ങച്ചവും പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന നിലയിലേക്ക് മുസ്ലിം വിവാഹങ്ങള്‍ അധ:പതിച്ചിട്ട് കാലം കുറച്ചായെങ്കിലും അതും പിന്നിട്ട് മനോ വൈകൃതത്തിന്‍റെയും പേക്കൂത്തുകളുടെയും പ്രദര്‍ശന ശാലകളായി വിവാഹാഘോഷം മാറിപ്പോവുമ്പോള്‍ ‘ഉത്തമ സമുദായത്തിന്‍റെ’ ഈ പോക്കില്‍ ഖേദമല്ല ഭീതിയാണ് തോന്നുന്നത്.
വിവാഹം എന്നത് ഒരുപാട് തരം വിഭവങ്ങള്‍ ഒരുക്കി അതിഥികള്‍ക്കു മുന്നില്‍ തന്‍റെ ധനസ്ഥിതി പ്രകടിപ്പിക്കാനുള്ള ഭക്ഷ്യമേളയാക്കുന്ന പൊങ്ങച്ചക്കാരുടെ ആഘോഷമായിട്ട് നാളേറെയായി.
എന്നാല്‍ അതിലേറെ പരിഹാസ്യമായ ചില കൂത്താട്ടങ്ങള്‍ മലബാറിലെ വിവാഹവേളകളെ നെഞ്ചിടിപ്പോടെ മാത്രം പങ്കെടുക്കാനാവുന്ന ഒരു ചടങ്ങായി മാറ്റിയതും നമുക്കറിയാം. പുതിയാപ്പിളയുടെ വരവും അതോടനുബന്ധിച്ചുള്ള ‘തോന്ന്യാസങ്ങളും’ വിവാഹപ്പന്തലിലും മണിയറയില്‍ പോലും പടക്കം പൊട്ടിച്ചും, ചായം വിതറിയും, തെറിപ്പാട്ട് പാടിയും വധുവിന്‍റെ പിതാവിനെയടക്കം ‘റാഗ്’ ചെയ്യുന്ന കുറെ ചെറുപ്പക്കാര്‍ (അത്ര ചെറുപ്പക്കാരൊന്നുമല്ല വിവാഹിതരായ മുതുക്കന്മാര്‍ പോലും ഇതില്‍ ഉണ്ടാകും).
അത് കഴിഞ്ഞ് വധുവും വരനും വീട്ടിലേക്ക് പോകുമ്പോള്‍. ലോറിയില്‍ കയറ്റിയും പാട്ടുപാടിച്ചും കൂടെയുള്ളവര്‍ കോമാളി വേഷം കെട്ടിയും പരിപാവനമായ ഒരു കര്‍മ്മത്തെ എത്രത്തോളം വികൃതവും ജുഗ്പസാവഹവും ആയി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവുമോ അതൊക്കെയും ചെയ്തു കൂട്ടുന്ന തനി തെമ്മാടിത്തത്തിന്‍റെ ഉത്സവ ദിനമാക്കി മാറ്റിക്കളഞ്ഞു വിവാഹാഘോഷത്തെ.
ഇതൊന്നും ഒരു പുതിയ കാര്യമല്ല ഇതൊരു നാട്ടുനടപ്പായി മാറിക്കഴിഞ്ഞിട്ടു കാലം കുറേ ആയി. അത് കൊണ്ട് തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഇതൊക്കെ കാണാനും സഹിക്കാനുമുള്ള തയ്യാറെടുപ്പോടെയാണ് പോകുന്നത്. ചിലയിടങ്ങളിലെങ്കിലും ഈ തെമ്മാടിത്തരങ്ങളെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഇപ്പോള്‍ ഈ പോസ്റ്റ് എഴുതാന്‍ കാരണം ഈയിടെയായി എഫ് ബി യില്‍ കാണാന്‍ കഴിഞ്ഞ ചില വീഡിയോ ചിത്രങ്ങള്‍ ആണ്. ഉളുപ്പും മാനവും നഷ്ടപ്പെട്ട ഈ സമുദായത്തിന്‍റെ പേക്കൂത്തുകള്‍. വിവാഹ വേദിയില്‍ ആണും പെണ്ണും ചേര്‍ന്ന്‍ ആടിപ്പാടുന്ന ചടങ്ങ് ഈ സമുദായത്തിന് എന്ന് മുതലാണ് ഹലാലായത്. സ്വന്തം ഭാര്യയെ ആണെങ്കിലും എടുത്തു പൊക്കുന്നതും കെട്ടിപ്പിടിക്കുന്നതും കെട്ടിയവളുടെ അഴകും ശരീരവടിവും ലോകം മുഴുവന്‍ ആസ്വദിക്കട്ടെ എന്ന് കരുതിയാണോ. ഈ ഒരു വേദിയില്‍ തന്നെ വേണമോ ഈ കോപ്രായങ്ങള്‍. ആദ്യരാത്രിയുടെ സ്വകാര്യതയില്‍ നല്‍കേണ്ട പ്രഥമചുംബനം പോലും വീഡിയോ ചിത്രമാക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്‍റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവന്‍റെ സംസ്കാരം എത്രത്തോളം അധ:പതിച്ചു പോയി എന്നാലോചിച്ചു നോക്കൂ.
ആരുടെ ഭാവനയില്‍ ഉദിച്ചതാവുമെന്നറിയില്ല സ്ത്രീകള്‍ പാട്ടുപാടി ഉരലില്‍ ഉലക്കയിട്ട് ഇടിക്കുന്ന ഒരു കലാപരിപാടിയും അതിനിടയില്‍ കണ്ടു (ഇത് പ്രതീകാത്മകമായിരിക്കുമോ എന്തായാലും ഏറെ താമസിയാതെ മാപ്പിളമാരുടെ വിവാഹ വേളയില്‍ ഇതൊരു നിര്‍ബന്ധിത ചടങ്ങായി മാറും എന്നതില്‍ സംശയമില്ല)
മറ്റൊരു വീഡിയോ കണ്ട് ശരിക്കും ഞെട്ടിപ്പോയി. വരന്‍റെ വീട്ടില്‍ എത്തിയ പുതുപെണ്ണിനെ അവിടെയുള്ള സ്ത്രീകളും ‘ആണും പെണ്ണും കെട്ടവരും’ (ആണുങ്ങള്‍ എന്ന്‍ ഇവരെ വിളിക്കാന്‍ മനസ്സ് വരുന്നില്ല) ‘റാഗ്’ ചെയ്യുന്നത്. ഒരു സ്റ്റൂളിനു മേല്‍ വെച്ച ചക്ക മണവാട്ടി കത്തി കൊണ്ട് വെട്ടി മുറിക്കണം. ലജ്ജയും അപമാനവും കൊണ്ട് ആ പാവം വിളറിയ ചിരിയോടെ ഈ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഇത് ചെയ്യുമ്പോള്‍ പിന്നണിയായി കൂടി നില്‍ക്കുന്ന പര്‍ദയും ചുരിദാറും ഒക്കെ ധരിച്ച സ്ത്രീകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലി ഇതിനു ഈണമേകുന്നു. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ തോന്ന്യാസത്തിനു മേളക്കൊഴുപ്പേകാന്‍ ആരുടെ പേരാണ് ഇവര്‍ വിളിച്ചു പറയുന്നത്. സമുദായമേ എവിടെ എത്തി നില്‍ക്കുന്നു നിങ്ങളുടെ മതബോധം. ശരിക്കും ആലോചിച്ചു നോക്കൂ ആരാണ് പ്രവാചക നിന്ദ നടത്തുന്നത്. ഏതോ രാജ്യത്ത് ആരോ തിരുനബിയെ അപമാനിച്ചു എന്ന് കേള്‍ക്കുമ്പോള്‍ രക്തം തിളക്കുന്ന കേരളത്തിലെ കാക്കാമാരെ ഇതിലും വലിയ പ്രവാചക നിന്ദ എന്താണ്. വിവേകമുണ്ടെങ്കില്‍ ചിന്തിക്കുക.
മതസംഘടനകളും, പള്ളികളും, മത സ്ഥാപനങ്ങളും, ചാനലുകളും, പത്രങ്ങളും, കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങളും, uദ്ബോധനം നടത്തിയിട്ടും ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തുന്ന ഒരു സമുദായമായി കേരളത്തിലെ മുസ്ലിം സമൂഹം മാറുന്നുവെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍?
ഊതിവീര്‍പ്പിച്ച പൊങ്ങച്ചക്കാഴ്ച്ചകള്‍ കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ വേണ്ടി പരക്കം പായുന്ന ഉള്ളുപൊള്ളയായ സമൂഹമായി മാറിയോ ചരിത്രത്താളുകളില്‍ അഭിമാനപൂര്‍വ്വം മാത്രം വായിക്കാന്‍ കഴിയുന്ന മാപ്പിളമാര്‍.
ഗള്‍ഫ് കുടിയേറ്റം മൂലം ലഭിച്ച സമ്പത്ത് ഗുണപരമായ രീതിയില്‍ ചെലവാക്കാന്‍ പഠിക്കാതെ ധൂര്‍ത്തും ആഘോഷവും അലങ്കാരമായി കൊണ്ട് നടക്കുന്ന സമൂഹമായി നാം മാറിയോ? ഈ സമുദായത്തിന്‍റെ അജ്ഞതയും പൊങ്ങച്ച മനോഭാവവും കൊണ്ട് മാത്രം തഴച്ചു വളര്‍ന്നത് മലബാറിലെ ആശുപത്രി വ്യവസായവും, സ്വര്‍ണ്ണക്കടകളും, തുണിക്കടകളും മാത്രമല്ല.
ഗള്‍ഫിലും നാട്ടിലുമൊക്കെ വന്‍കിട ബിസിനസ് നടത്തുന്ന സമ്പന്നരുടെ വിവാഹമടക്കമുള്ള ആഘോഷങ്ങളെ അതേപോലെ അനുകരിക്കാനാണ് സാധാരണക്കാരനും തിടുക്കം. കാശുള്ളവന്‍ ചെലവാക്കുന്നത് പോലെ കടം വാങ്ങിയും പൊങ്ങച്ചം കാട്ടാന്‍ മടിയില്ലാത്ത സമുദായം. മദ്യപാനത്തെക്കാള്‍ കഠിനമായ കുറ്റമാണ് പലിശയിടപാട് എന്ന് പഠിപ്പിച്ച സമുദായത്തിന്‍റെ മക്കളാണ് ബാങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുമായി പലിശക്ക് പണം വാങ്ങി ആര്‍ഭാടം നടത്തുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാരില്‍ വലിയൊരു ശതമാനത്തിന്‍റെയും ഭാര്യമാരുടെ പണ്ടങ്ങള്‍ പണയത്തിലാണ് എന്നതും, അത് വീടുപണി വിവാഹം പോലെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നതും ഒരു പരമാര്‍ത്ഥം മാത്രമാണ്.
വിവാഹ വേളയിലെ ഈ പൊങ്ങച്ചങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പേക്കൂത്തുകള്‍ക്ക
പണക്കൊഴുപ്പിന്‍റെ ആര്‍ഭാടമേളയായി ജീവിതം ആഘോഷിക്കുന്നവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന ചിന്തയില്‍ ഈ സമുദായത്തിലെ ചെറുപ്പക്കാര്‍ കള്ളക്കടത്തും പിടിച്ചുപറിയും മോഷണവും തട്ടിപ്പും വെട്ടിപ്പും അടക്കമുള്ള സകല ക്രിമിനല്‍ ചെയ്തികളിലും മുന്നോട്ടു കുതിക്കുന്നു എന്നത് നിഷേധിക്കാനാവുമോ?
കേരളത്തിലെ മുസ്ലിം സമുദായം വിദ്യാഭ്യാസകാര്യത്തില്‍ മുന്നേറുന്നു എന്ന് അഭിമാനിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു സത്യം ഉയര്‍ന്ന വരുമാനമുള്ള ജോലിക്ക് വേണ്ടി പഠിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്‌ഷ്യം എന്നാണ് സമുദായത്തിലെ ഭൂരിപക്ഷം യുവതലമുറയുടെയും ധാരണ. അത് കൊണ്ട് തന്നെ ഇത്തരം ആഘോഷങ്ങളില്‍ കൂടെ ചേര്‍ന്ന് കൊഴുപ്പിക്കാന്‍ അവരും മുന്നില്‍ തന്നെയുണ്ട്.
സത്യം പറയട്ടെ പണക്കൊഴുപ്പിന്‍റെ അഹങ്കാരം കൊണ്ട് ചിലര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ കാരണം പരിഹസിക്കപ്പെടുന്നതും അവമാനിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്.
മറക്കണ്ട ബര്‍മ്മയിലും സിംഗപ്പൂരിലും പോയി പണം വാരിക്കൂട്ടി നാട്ടില്‍ പത്രാസ് കാണിച്ച കാരണവന്മാര്‍ ഒരു ചുരുട്ടിന് വേണ്ടി ഇരന്നു നടന്ന കാലം ഏറെ മുമ്പൊന്നുമല്ല. ചടങ്ങുകളും മാമൂലുകളും കൊണ്ട് മുടിഞ്ഞുപോയ സമുദായങ്ങളുടെ കഥകള്‍ നമുക്ക് ചുറ്റും എമ്പാടുമുണ്ട്. പാലസ്തീന്‍ എന്ന നാടിന്‍റെ വേദന എന്നും നീറ്റലായി ഉള്ളില്‍ പുകയുമ്പോഴും, യുദ്ധത്തിനു മുമ്പ് കുവൈത്തില്‍ ഉണ്ടായിരുന്നവരോട് ചോദിച്ചാല്‍ അറിയാം മതചിട്ടകള്‍ മറന്ന് പണം പുല്ലുപോലെ ചെലവാക്കി ആര്‍ഭാടമായി ജീവിച്ച പലസ്തീനികളുടെ ചെയ്തികളെ കുറിച്ച്. ഇന്ന് അവരുടെ അവസ്ഥ എന്താണ് എന്നതും മറക്കാതിരിക്കുക. പള്ളികള്‍ എമ്പാടും കൂടിയതുകൊണ്ടും, പര്‍ദ്ദക്കടകള്‍ വര്‍ധിച്ചതുകൊണ്ടും, സോഷ്യല്‍മീഡിയകളിലൂടെ ആയത്തും ഹദീസും കണ്ടമാനം വിളമ്പിയത് കൊണ്ടും ഈ സമുദായം ഉത്തമ സമുദായമാകുന്നില്ല. ജീവിതം തന്നെ സന്ദേശമാക്കിമാറ്റിക്കൊണ്ട് ആദരവ് നേടാന്‍ കഴിയുമ്പോള്‍ മാത്രമേ ആ വിശേഷണത്തിന് അര്‍ഹത നേടൂ. ഇന്ന് ഈ സമുദായത്തില്‍ പെട്ട ചിലര്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകള്‍ക്ക് പഴി മുഴുവന്‍ കേള്‍ക്കെണ്ടിവരുന്നതും പരിഹസിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്. തെറ്റ് തിരുത്താനല്ല ധാര്‍ഷ്ട്യത്തോടെ തുടരാണ് ഭാവമെങ്കില്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക.
അഹങ്കാരികള്‍ക്ക് ദുനിയാവില്‍ വെച്ച് തന്നെയുള്ള കഠിനശിക്ഷ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ച പരിശുദ്ധ ഖുര്‍ആന്‍ വചനം നമുക്ക് കൂടിയുള്ള താക്കീതാണ്. ഹൃദയം മുദ്രവെക്കപ്പെട്ടവര്‍ എന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായി മാറാതിരിക്കട്ടെ നാം.
ഏറ്റവും ലളിതമായി എങ്ങനെ ജീവിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത നേതാവിന്‍റെ അനുയായികളേ “നിങ്ങളുടെ ദാരിദ്ര്യത്തെ അല്ല സമ്പന്നതയെയാണ് ഞാന്‍ ഭയപ്പെടുന്നത്” എന്ന പ്രവാചകവചനം നമ്മുടെ കണ്ണ് തുറപ്പിക്കട്ട
No comments:
Post a Comment