Wednesday 8 July 2015

അയാളുടെ മയ്യിത്ത്‌

ഇന്നും വളരെ ലേയ്റ്റായി..!!
ഇനി ഓഫീസിലെത്തിയാൽ സാറിന്റെ മുഖം കാണേണ്ട കാര്യമാലോചിക്കുമ്പോൾ.......!!!!!!

ധൃതിയിൽ നടക്കുന്നതിനിടക്കാണ്‌ എന്നെ ആരോ വിളിക്കുന്നത്‌ കേട്ടത്‌.
ഞാനൊന്ന് തിരിഞ്ഞു നോക്കി... വീണ്ടും നടന്നു.

"ഹേയ്‌... നിങ്ങളെ തന്നെയാ...!!! ഒന്ന് നിൽക്കൂ...!! "

തിരിഞ്ഞു നോക്കുമ്പോൾ... ഒരു വയസനായ വ്യക്തി.
" എന്താ...?? "

" എങ്ങോട്ടാ... ഇത്ര ധൃതിയിൽ. ഇന്നലേയും കണ്ടല്ലോ. " - അയാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

" ഓഫീസിലേക്കാ... തിരക്കുണ്ട്‌. പിന്നെ കാണാം " - ഞാൻ നടന്ന് കൊണ്ട്‌ പറഞ്ഞു.

" തിരക്കൊഴിഞ്ഞ സമയമെപ്പോഴാ... എനിക്കൊന്ന് സംസാരിക്കാനുണ്ട്‌. " - അയാൾ പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

'വല്ല സഹായവും ചോദിക്കാനാവും.മകളുടെ കല്ല്യാണം.. ഓപ്പറേഷനെന്നൊക്കെ പറഞ്ഞിംഗ്‌ വരും. എല്ലാം തട്ടിപ്പുകളാ...' - ഞാൻ പിറുപിറുത്തുകൊണ്ട്‌ ഒന്നും മിണ്ടാതെ വേഗം നടന്നു നീങ്ങി.
***************

ഇന്നും അയാളവിടെ തന്നെയുണ്ട്‌. അയാളെ ശ്രദ്ധിക്കാതെ ഞാൻ ധൃതിയിൽ നടന്നു.
അന്നും അയാൾ പറഞ്ഞു, എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന്.
അതും എനിക്ക്‌ ഗുണമുള്ളതെന്തോ കാര്യമാണെന്ന്.!!

ഇന്ന് നേരത്തെ കിടക്കണം. നാളെ നേരത്തെ ഇറങ്ങി അയാളുടെ കാര്യം എന്താണെന്ന് അറിയണം. എനിക്ക്‌ ഗുണമുള്ള എന്താണ്‌ അയാളുടെ പക്കലുള്ളത്‌...??
സോഷ്യൽ മീഡിയയിലെ സംവാദങ്ങളും ബഹളങ്ങളും നോക്കാതെ ലാപ്ടോപ്‌ അടച്ചുവെച്ച്‌ ഞാൻ കിടന്നു.

പിറ്റേന്ന് നേരത്തെ ഇറങ്ങി. അയാളവിടെ തന്നെയുണ്ട്‌. എന്നെ കണ്ടപ്പോൾ അയാൾ പുഞ്ചിരിച്ചു.
" എന്താണ്‌ നിങ്ങൾക്ക്‌ പറയാനുള്ളത്‌...?? "

" നിങ്ങളിവിടെ ഇരിക്കൂ... ഇന്ന് നിങ്ങൾക്ക്‌ സമയമുണ്ടല്ലോ..." - അയാൾ സാവധാനം പറഞ്ഞു.

" സമയം ഞാൻ നിങ്ങൾക്ക്‌ വേണ്ടി ഉണ്ടാക്കിയതാണ്‌. എന്താ നിങ്ങൾക്ക്‌ സംസാരിക്കാനുള്ളത്‌...!!!" - ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

" ആദ്യം നിങ്ങളിവിടെ ഇരിക്കൂ... ഞാൻ പറയാം. "
എനിക്കവിടെ ഇരിക്കേണ്ടി വന്നു.

" ഞാൻ നിങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി കാണുന്നു. ഒരു യന്ത്രം കണക്കെയുള്ള നിങ്ങളുടെ ഈ പോക്കും.. വരവും..! എന്നും നിങ്ങൾ തിരക്കിലാണല്ലോ...!!!!"

" അതേ... എനിക്കൊട്ടും സമയം കളയാനില്ല. കാരണം ഞാൻ എന്നെ എന്റെ അധികാരികൾ ഏൽപിച്ച ജോലിയിൽ ആത്മാർത്തതയുള്ളവനാണ്‌. പിന്നെ എന്റെ കുടുംബത്തോട്‌ കൂറുള്ളവനുമാണ്‌."
- ഞാൻ തെല്ല് ഹുങ്കോടെ പറഞ്ഞു.

" ഓഹോ...! കൊള്ളാം. നിങ്ങൾ ആള്‌ കൊള്ളാം. എന്നിട്ട്‌ നിങ്ങളിക്കാര്യങ്ങളിൽ വിജയിച്ചവനാണോ...!! "

" എന്താ സംശയം. ഇന്ന് ഞാനെന്റെ കമ്പനിയിലെ ഉയർന്ന സ്ഥാനത്താണ്‌. എനിക്ക്‌ നാട്ടിൽ വലിയൊരു വീടുണ്ട്‌. ഒരുപാട്‌ സ്വത്തുണ്ട്‌. എന്റെ മക്കൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസമുണ്ട്‌."
-  എന്റെ മുഖത്ത്‌ ആത്മവിശ്വാസം നിറഞ്ഞു നിന്നു.

" ആഹാ..!!! ഭാഗ്യവാൻ. എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ. നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവും നിങ്ങളെ കുറച്ച്‌ ജോലികൾ ഏൽപിച്ചിരുന്നു. നിങ്ങളതെല്ലാം ചെയ്തിരുന്നൊ?? "

" അത്‌ പിന്നെ... അതിനിയും ചെയ്യാമല്ലോ.. അല്ലേ..
അല്ല നിങ്ങൾക്കിതാണോ പറയാനുള്ളത്‌ !!! "

" അതേ... ചെയ്യാം. പക്ഷേ.. മരണമെപ്പോഴെത്തുമെന്ന് ആർക്കാണറിയുന്നത്‌..!!

"അതിന്‌ എനിക്കിപ്പോൾ ഒരു രോഗവുമില. പൂർണ്ണ ആരോഗ്യവാൻ. മാത്രവുമല്ല വല്ല രോഗവും വന്നാലും ചികിത്സിക്കാൻ പണവുമുണ്ട്‌."

"ആരോഗ്യം....!!! :/ പണം......  :/ !!!! - അയാൾ പുച്ഛഭാവത്തോടെ പിറുപിറുത്തു.
" നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ ഉയർന്ന വിദ്യഭ്യാസം നൽകി. അവർക്ക്‌ നിന്റെ സൃഷ്ടാവിനെ കുറിച്ച്‌ പഠിപ്പിച്ചൊ? "

" അതിനവർക്കിനിയും സമയമുണ്ടല്ലൊ...!! അവർ ഇപ്പോൾ പഠിക്കേണ്ട പ്രായമല്ലേ..!!" - ഞാൻ തെല്ല് അരിശത്തോടെ പറഞ്ഞു.

" സമയമെന്നത്‌ എപ്പോഴും നിലനിൽക്കുന്നതാണെന്ന് ആരാ നിങ്ങളെ പഠിപ്പിച്ചത്‌.."

" ഞാനിതുവരെ ജീവിച്ചില്ലെ. അതുപോലെ എന്റെ മക്കളും." 

"നിങ്ങൾക്ക്‌ നിർബന്ധമാക്കിയ സകാത്തിനെ നിങ്ങൾ കൊടുത്തിരുന്നൊ...!! "

" അത്‌ പിന്നെ... അത്‌..   അത്‌ കൊടുക്കാമല്ലോ...!!!" - ഞാൻ ഒരു നിമിഷം പകച്ചു.

" ചുരുക്കി പറഞ്ഞാൽ... എല്ലാം "ചെയ്യാം" എന്ന്. അല്ലെ.
ഒന്നിനും സമയമില്ലാത്ത നിങ്ങൾ  ഇന്ന് നിങ്ങളുടെ കാര്യങ്ങൾ മാറ്റിവെച്ച്‌ എന്നോട്‌ സംസാരിക്കാനായ്‌ നേരത്തെ വന്നു.
അപ്പോൾ നിങ്ങൾക്ക്‌ സമയമല്ല പ്രശ്നം. "

"അല്ല.. നിങ്ങളാരാ ഇതൊക്കെ പറയാൻ. ഞാൻ എനിക്ക്‌ ഇഷ്ടമുള്ളത്‌ പോലെ ചെയ്യും. എന്റെ പണം എന്റെ കുടുംബം എന്റെ ജോലി എന്റെ ജീവിതം "  - വിറച്ചുകൊണ്ട്‌ ഞാൻ ഉച്ചത്തിൽ പറഞ്ഞു

" പക്ഷേ... ഈ ജീവൻ അത്‌ നിന്നെ സൃഷ്ടിച്ചവന്റേതാണ്‌. അതവൻ തിരിച്ചെടുത്താൽ....!!! "

ഞാൻ വിയർത്തു നനഞ്ഞു. എന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.
" അല്ലാഹ്‌...!! എങ്കിൽ എന്റെ മക്കൾ, എന്റെ ഭാര്യ അവർ അനാഥരാവും. അവർ കഷ്ടപ്പെടും. എനിക്കത്‌ ആലോചിക്കാൻ കഴിയില്ല...!!"

" അപ്പോഴും നീ ഈ ദുനിയാവിനെകുറിച്ച്‌ വ്യാകുലപ്പെടുന്നു. നീ ഇപ്പോൾ മരണപ്പെടുകയാണെങ്കിൽ നിന്റെ പരലോക ജീവിതം എങ്ങിനെയിരിക്കുമെന്ന് നിനക്ക്‌ അറിയില്ലേ...!!!  - അയാളുടെ കണ്ണുകൾ തിളങ്ങി.

"ഞാൻ പോവുന്നു.... എനിക്ക്‌ നിങ്ങളോട്‌ സംസാരിക്കണ്ട. " - ഞാൻ ധൃതിയിൽ എഴുനേറ്റു.

ഒരടിപോലും മുന്നോട്ട്‌ നീങ്ങുന്നില്ല. കാലുകൾ കുഴയുന്നു. കൈകൾക്ക്‌ കനം കൂടുന്നു. കണ്ണിൽ നെറ്റിയിലെ വിയർപ്പു തുള്ളികൾ ഇറ്റിയിറങ്ങി തളം കെട്ടുന്നുണ്ട്‌.
ഞാനിപ്പോൾ തളർന്ന് വീഴും.

ഞാനയാളെ തിരിഞ്ഞു നോക്കി.
" എന്നെയൊന്ന് സഹായിക്കൂ... എന്നെ രക്ഷിക്കൂ."

മുഖത്തെ ചിരി മായ്ച്ചുകൊണ്ട്‌ അയാൾ പറഞ്ഞു:
"വൈകിപ്പോയി സഹോദരാ. എനിക്ക്‌ നിങ്ങളേയും കൊണ്ട്‌ പോയേ തീരൂ...!! നിങ്ങൾക്കിപ്പോൾ ഒന്നിനും സമയമിലാത്തവനായിപോയി"

അയാളുടെ മുഖം വിവർണ്ണമായി, കണ്ണുകൾ ചുവന്നു, കണ്ണുകളിൽ നിന്ന് അഗ്നി ചൂട്‌ പരക്കാൻ തുടങ്ങി
എന്നെയും കൊണ്ട്‌ അയാൾ മുകളിലേക്കുയർന്നു.
ആ നിമിഷം എന്റെ കാൽ വിരലിലെ ഞരമ്പുകൾ വലിഞ്ഞ്‌ ശിരസ്സിലേക്ക്‌ ചുരുങ്ങികൊണ്ടിരുന്നു.
ഒരിറ്റു വെള്ളത്തിനായി ചുണ്ടുകൾ വിറച്ചു.
കണ്ണുകൾ മുകളിലേക്ക്‌ മറിഞ്ഞു.അവസാനം ഞെട്ടറ്റു വീണ ഇലയെപോലെ എന്റെ ശരീരം ആ ബെഞ്ചിലേക്ക്‌ വീണു.
********
എന്റെ പണം, എന്റെ പണമെന്ന് പറഞ്ഞിരുന്ന അയാളുടെ
മയ്യിത്ത്‌ മറ്റാരുടെയൊ പണം കൊണ്ട്‌ നാട്ടിലെത്തി.
മരണവീടിന്റെ ഒരു മൂലയിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു:

" മനുഷ്യന്റെ ഓരൊ അവസ്ഥ. ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു. "

��Good message....pls share maximum..

No comments:

Post a Comment