Wednesday 15 July 2015

ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ത്ത് സ്വയം വിശേഷിപ്പിക്കുന്ന

wrote:
Shafi Saquafi Mundambra

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ കല്യാണം കഴിയുന്നതോടെ പേരിനു പിന്നില്‍ ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ത്ത് സ്വയം വിശേഷിപ്പിക്കുന്ന സമ്പ്രദായമുണ്ടല്ലോ. അതിനെ പറ്റി ഇസ്ലാം എന്ത് പറയുന്നു ...

നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു ഏര്‍പ്പാട് മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്.
സാധുക്കള്‍ക്ക് അറിവ് ഇല്ലാഞ്ഞിട്ടാണ്. അറിഞ്ഞാല്‍ അത് മാറ്റിയേക്കും. അറിവ് ലഭിച്ചിട്ടും മാറ്റുന്നില്ല എങ്കില്‍ അത് അഹങ്കാരമാണ്. അണു അളവ് അഹങ്കാരം മനസിള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്നാണല്ലോ റസൂല്‍(സ) പറഞ്ഞത്(മുസ്ലിം). അല്ലാഹു രക്ഷിക്കട്ടെ നമ്മുടെ കുട്ടികളെ ,ആമീന്‍.

ഒരു മുസ്ലിമും സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവിന്‍റെ പേരല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചേര്‍ക്കല്‍ ഇസ്ലാമില്‍ അനുവദനീയമല്ല. ഇത് എത്രയോ ഇമാമുകള്‍ വ്യക്തമായി പഠിപ്പിച്ച കാര്യമാണ്. ഒരാള്‍ സ്വന്തം പിതാവല്ലാത്തവരുടെ പേര്‍ സ്വന്തം പേരിനു പിന്നില്‍ ചേര്‍ക്കുന്നത് വ്യക്തമായ ഹറാമാണ് എന്ന് ഇമാം നവവി(റ) സ്വഹീഹു മുസ്ലിമില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്രയോ ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്. കുറിപ്പ് നീളും എന്നതിനാല്‍ എല്ലാം കൊടുക്കുന്നില്ല.

ചിലരുടെ വിചാരം സ്വന്തം പേരിനു പിന്നില്‍ പിതാവിന്‍റെ പേര്‍ ചേര്‍ക്കല്‍ അറബികളുടെ പരിപാടി മാത്രമാണ് എന്നാണ്. ആ ധാരണ തെറ്റാണ്. സ്വന്തം പേരിനു പിന്നില്‍ മറ്റൊരാളുടെ പേര്‍ ചേര്‍ക്കണം എന്ന് ഇസ്ലാം ആരെയും നിര്‍ബന്ധിക്കുന്നില്ല. പക്ഷെ മറ്റൊരാളുടെ പേര്‍ ചേര്‍ക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്‍റെ പേര്‍ ആയിരിക്കണം. അല്ലാത്തവരുടെ പേരുകള്‍ പേരിനു പിന്നില്‍ ചേര്‍ക്കുന്നത് ഹറാമായി കാണാന്‍ ഇമാമുകള്‍(റ) തെളിവാക്കുന്നത് താഴെ കൊടുക്കുന്ന പ്രമാണങ്ങള്‍ ആണ്.

അല്ലാഹു പറഞ്ഞു: "നിങ്ങള്‍ അവരെ (നിങ്ങളുടെ ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതി ആയിട്ടുള്ളത്..." (ഖുര്‍ആന്‍: 33:5)

ദത്തെടുത്ത കുട്ടികളുടെ പേരിനു പിന്നില്‍ ആര് ദത്തെടുത്തോ അയാളുടെ പേര്‍ ചേര്‍ത്തു വിളിക്കുന്ന പരിപാടി അറേബ്യയില്‍ ഉണ്ടായിരുന്നു. അതിനെ വിലക്കുകയാണ് അല്ലാഹു ഈ വചനത്തിലൂടെ ചെയ്യുന്നത്. ഓരോ മനുഷ്യനെയും അവന്‍റെ സ്വന്തം പിതാവിലേക്ക് ചേര്‍ത്തു വിളിക്കുക, വേറെ ആരുടെ പേരും പിന്നില്‍ ചേര്‍ക്കേണ്ട എന്നാണു അല്ലാഹു പഠിപ്പിക്കുന്നത്‌.

റസൂല്‍(സ) പറഞ്ഞു: "സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവ് അല്ലാത്തവരുടെ പേര്‍ ചേര്‍ത്തവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ" (ഇബ്നു മാജ)

റസൂല്‍(സ) പറഞ്ഞു: " സ്വന്തം പിതാവ് ആരെന്നു അറിഞ്ഞിട്ടും തന്നെ തന്‍റെ പിതാവിലേക്ക് ചേര്‍ക്കാതെ മറ്റൊരാളിലേക്ക് ചേര്‍ക്കുന്നവന് സ്വര്‍ഗം ഹറാമാണ്‌" (ബുഖാരി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കില്ല. സ്വര്‍ഗത്തിന്‍റെ വാസനയാകട്ടെ അഞ്ഞൂറ് വര്‍ഷത്തെ വഴിദൂരം വരെ ചെന്നെത്തുന്നതാണ്." (ഇബ്നുമാജ)

റസൂല്‍(സ) പറഞ്ഞു: " "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് അല്ലാഹുവിന്‍റെ ശാപമുണ്ട്" (അബ്ദു റസാക്ക്)

റസൂല്‍(സ) പറഞ്ഞു: "നിങ്ങള്‍ പിതാക്കളിലേക്ക് ചേര്‍ക്കലിനെ അവഗണനയോടെ കാണരുത്, അതിനെ അവഗണനയോടെ കാണല്‍ കുഫ്ര്‍ ആണ്' (ബുഖാരി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് കള്ളന്മാരില്‍ വലിയ കള്ളനാണ്' (ത്വബ്രാനി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും കോപം ഉണ്ടാകട്ടെ' (തഹ്ദീബുല്‍ ആസാര്‍)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍ കുഫ്ര്‍ ചെയ്തിരിക്കുന്നു (തഹ്ദീബുല്‍ ആസാര്‍)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല" (അബൂ അവാന)

മേല്‍ കൊടുത്ത പല ഹദീസുകളും സ്വന്തം പിതാവ് അല്ലാത്ത മനുഷ്യനെ തന്‍റെ പേരിലേക്ക് പിതാവ് എന്ന രൂപത്തില്‍ ചേര്‍ക്കുന്നത് ആണ് വിലക്കുന്നത് എങ്കിലും അവയില്‍ നിന്നും ഒരാള്‍ സ്വന്തം പേരിനു പിന്നില്‍ മറ്റൊരു മനുഷ്യന്‍റെ പേര്‍ ചേര്‍ക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്‍റെ പേര്‍ ആകണം എന്നത് വ്യക്തമാണ്. ഇക്കാര്യം വളരെ പ്രാധാനമായതു കൊണ്ട് ചില ഇമാമുകള്‍ സ്വന്തം പേരിനു പിന്നില്‍ പിതാവ് അല്ലാത്ത മനുഷ്യരുടെ പേര്‍ ചേര്‍ക്കുന്ന പരിപാടിയെ വന്‍ പാപങ്ങളില്‍ പെടുത്തിയിട്ടുണ്ട്...

നമ്മുടെ നാട്ടില്‍ സ്വന്തം പേരിനു പിന്നില്‍ ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ക്കുന്ന പരിപാടി മുസ്ലീങ്ങള്‍ മറ്റു മതക്കാരില്‍ നിന്ന് പഠിച്ചതാണ്. ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്നു എങ്കില്‍ അവനാ കാര്യത്തില്‍ അവരില്‍ പെട്ടവന്‍ തന്നെ എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).

നബി(സ)ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നല്ലോ അവരൊന്നും നബി(സ) അവരെ കല്യാണം കഴിച്ച ശേഷം നബിയുടെ പേര്‍ അവരുടെ പേരിനു പിന്നില്‍ ചേര്‍ത്തത് എവിടേം കാണാന്‍ സാധ്യമല്ല. അവരൊക്കെ മരിക്കുന്നത് വരെ അവരുടെ പിതാക്കളിലേക്ക് തന്നെ ചേര്‍ത്താണ് അറിയപ്പെട്ടത്.
അവരില്‍ പലരുടെ പിതാക്കളും അമുസ്ലീങ്ങള്‍ ആയിട്ട് പോലും അങ്ങനെ ആയിരുന്നു...

ഫാത്തിമ(റ) നബി(സ) യുടെ മോള്‍ ആയിരുന്നല്ലോ. എന്നാല്‍ ഫാത്തിമയെ(റ) അലി(റ) വിവാഹം ചെയ്ത ശേഷം അവര്‍ ഫാത്തിമ അലി എന്ന് അവര്‍ വിശേഷിപ്പിച്ചതോ അങ്ങനെ അവര്‍ വിളിക്കപ്പെട്ടതോ കാണുക സാദ്ധ്യമല്ല. അവര്‍ മരിക്കുന്നത് വരെ ഫാത്തിമ ബിന്‍ത് മുഹമ്മദ്‌ തന്നെ ആയിരുന്നു...

ഒരാളുടെ പിതാവ് ഒരു കാലത്തും മാറില്ലല്ലോ. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍, മൊഴി ചൊല്ലിയാല്‍ ഭാര്യക്കു വേറെ ഭര്‍ത്താവ് വരും. ഇക്കാര്യത്തില്‍ ഒരു ഭര്‍ത്താവിനും സ്വന്തം ഭാര്യയെ തന്‍റെ പേര്‍ അവളുടെ പിന്നില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. പിതാവ് മരിച്ചു എങ്കിലും ചേര്‍ക്കുന്നു എങ്കില്‍ പിതാവിന്‍റെ പേര്‍ മാത്രമെ പേരിനു പിന്നില്‍ ചേര്‍ക്കാവൂ ...

എല്ലാ മനുഷ്യരെയും അല്ലാഹു പരലോകത്ത് അവരുടെ പിതാവിലേക്ക് ചേര്‍ത്തു ആയിരിക്കും വിചാരണക്ക് വിളിക്കുക എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. നമുക്കെല്ലാം പരലോകത്ത് മാത്രമല്ല ദുനിയാവിലും "തന്തക്ക് ജനിച്ചവര്‍" ആകാം . അല്ലാഹു അനുഗ്രഹിക്കട്ടെ.....

പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍.

നബി (സ) തങ്ങള്‍ പറഞ്ഞു: ‍ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്

1 comment:

  1. മുകളിൽ കൊടുത്ത മെസ്സെജിനോടുള്ള ഒരു വിയോജിപ്പ് രേഖപ്പെടുത്തട്ടെ.

    "...........നിങ്ങളിലേക്ക് ചേ൪ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങൾ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവൻ നേ൪വഴി കാണിച്ചുതരികയും ചെയ്യുന്നു.

    നിങ്ങൾ അവരെ ( ദത്തുപുത്രൻമാരെ ) അവരുടെ പിതാക്കളിലേക്ക് ചേ൪ത്ത് വിളിക്കുക. അതാണ് അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും നീതിപൂ൪വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവ൪ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങള്ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞ്കൊണ്ടു ചെയ്തത് ( കുറ്റകരമാകുന്നു. ) ..........." ( അഹ്സാബ് 4-5)

    ഇവിടെ എന്താണ് വിഷയം, നബി (സ)യുടെ ദത്ത് പുത്രനായ സൈദിനെ ആദ്യം സൈദ് ""ബിൻ"" മുഹമ്മദ് എന്ന് വിളിച്ചിരുന്നു അഥവാ (Zaid S/o Muhammad) എന്ന്. ആ പറയുന്നത് കളവാണെന്നും സത്യമായുള്ളത് അദ്ദേഹത്തിൻറെ പിതാവിൻറെ പേരായ ഹാരിസയോട് ചേർത്ത് സൈദ് ""ബിൻ"" ഹാരിസ (Zaid S/o Harisa) എന്ന് പറയണം എന്നുമാണ് അല്ലാഹു കൽപ്പിക്കുന്നത്. മേൽ ഉദ്ധരിച്ച ഹദീസുകൾ എല്ലാം തന്നെ ഇതിനെ ബലപ്പെടുത്തുന്നു.

    എന്നാൽ ഒരു സ്ത്രീ (ഉദാ : ഫാത്തിമ ) വിവാഹം കഴിക്കുന്നതോട് ആ സ്ത്രീയുടെ ഭർത്താവിൻറെ പേരിനോട് ചേർത്ത് ഫാത്തിമ ""ബിന്ത്"" അലി (Fathima D/o Ali) എന്നോ മറ്റോ പറയുകയാണെങ്കിൽ അത് ഈ ആയത്തിൻറെ പരിധിയിൽ വരികയും , ആ പറയുന്നത് നാവുകൊണ്ട് പറയുന്ന പച്ച കള്ളം ആവുകയും ചെയ്യും. ആ അർത്ഥത്തിൽ തന്നെ "ഫാത്തിമ അലി" (Fathima Ali) എന്ന് പറയുന്നതും തെറ്റുതന്നെയാണ്.

    എന്നാൽ ആ സ്ത്രീയെ "ഫാത്തിമ W/o അലി" (അലിയുടെ ഭാര്യയായ ഫാത്തിമ) എന്ന് പറയുന്നതിൽ ഇസ്ലാമികപരമായി ഒരു തെറ്റും ഇല്ല. അത് കളവുമല്ല. ഈ അർത്ഥത്തിൽ "ഫാത്തിമ അലി" (Fathima Ali) എന്ന് പറയുന്നത് ഭാഷാപരമായ ഒരു പ്രയോഗം മാത്രമാണ്. അറബികൾ ഒരാളെ പിതാവിനോട് ചേർത്ത് പറയുമ്പോൾ നമ്മൾ ഇന്ന് ഉപയോഗിക്കുന്നതുപോലെ "ഖാസിം മുഹമ്മദ്" എന്നൊന്നും പറയാറില്ല, മറിച്ച് ഖാസിം ബിൻ മുഹമ്മദ് ഇന്ന് വ്യക്തമായി തന്നെ പറയുന്നു. ഇവിടെ "ബിൻ" "ബിന്ത്" "സവ്ജത്ത്" എന്നീ ബന്ധങ്ങളിലാണ് വിഷയത്തിന്റെ മർമ്മം സ്ഥിതി ചെയ്യുന്നതും , പറയുന്ന കാര്യം കളവോ സത്യമോ ആകുന്നതും. (അല്ലാഹു അഅലം)

    ReplyDelete