Sunday 10 May 2015

SSF നാല്‍പത്തിമൂന്നിലേക്ക്

എസ് എസ് എഫ് നാല്‍പത്തിമൂന്നിലേക്ക് പ്രവേശിക്കുകയാണ്. കേരളീയ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന് നേരിന്റെ ദിശ നിര്‍ണയിച്ചുനല്‍കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യവുമായാണ് സംഘടന പിറന്നാളാഘോഷിക്കുന്നത്. അക്രമവും ആക്രോശവുമില്ലാതെ തന്നെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന് സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്ന് എസ് എസ് എഫ് തെളിയിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ എങ്ങനെയാകണമെന്ന ചോദ്യത്തിന് കേരളത്തിന് ലഭിച്ച ഉത്തരമാണ് എസ് എസ് എഫ്.
1973 ഏപ്രില്‍ 29നാണ് സംഘടനയുടെ പിറവി. കാമ്പസ് കേന്ദ്രീകൃതമായ വിദ്യാര്‍ത്ഥി സംഘമായല്ല എസ് എസ് എഫ് നിലകൊണ്ടത്. സമൂഹത്തില്‍ നടക്കുന്ന അരുതായ്മകളുടെ പ്രതിഫലനമാണ് കാമ്പസുകളിലുണ്ടാകുന്നതെന്ന് എസ് എസ് എഫ് നേതൃത്വം തിരിച്ചറിഞ്ഞു. അതുകൊണ്ട് ആദ്യം കാമ്പസുകളിലേക്കിറങ്ങാതെ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു. ധാര്‍മികവിപ്ലവം എന്ന ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ അവിടെ നിന്നാരംഭിച്ചു. പാഠശാലകളെക്കാള്‍ വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നത് അവരുടെ നാടുകളിലാണ്. സംസ്‌കരണം അവിടെ നിന്നുതന്നെ തുടങ്ങുകയായിരുന്നു എസ് എസ് എഫ്. ഒറ്റപ്പെട്ടതെങ്കിലും വിയോജനശബ്ദങ്ങളുണ്ടായി. രാഷ്ട്രീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ വാര്‍പ്പുമാതൃകയില്‍ നിന്നും  വ്യത്യസ്തമായൊരു സംഘടനാ സംവിധാനം സംസ്ഥാനത്ത് സാധ്യമോ എന്ന ആശങ്കയില്‍ നിന്നാണ് ആ വിയോജന ശബ്ദങ്ങള്‍ പിറന്നത്. ആശങ്കകളെ എസ് എസ് എഫ് കര്‍മം കൊണ്ട് തിരുത്തി.
'ചോര തുടിക്കും ചെറുകയ്യുകളില്‍' കുറുവടിയും കഠാരയും പിടിപ്പിച്ച് ഹിംസരാഷ്ട്രീയം കാമ്പസുകളില്‍ പ്രയോഗവത്കരിക്കപ്പെട്ട കാലത്താണ് തിരുത്തല്‍ ശക്തിയായി എസ് എസ് എഫ് രംഗപ്രവേശം ചെയ്യുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളുടെ മറവില്‍ അരങ്ങേറിയ അക്രമങ്ങള്‍ അനവധിയാണ്. അതില്‍ ജീവഹാനി സംഭവിച്ചവരെ രക്തസാക്ഷി മുദ്ര നല്‍കി കവലകളില്‍ സ്തൂപങ്ങളായി പ്രതിഷ്ഠിച്ചുവെന്നതിനപ്പുറം എന്തിന് വേണ്ടി ഈ സമരങ്ങള്‍ എന്ന സത്യസന്ധമായ ആലോചന രാഷ്ട്രീയ നേതൃത്വം ഇനിയും നടത്തിയിട്ടില്ല. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അക്രമം അനിവാര്യമാണെന്ന അബദ്ധധാരണ വിദ്യാര്‍ത്ഥി മസ്തിഷ്‌കങ്ങളില്‍ കുത്തിനിറച്ചുകൊണ്ടാണ് ചിലര്‍ രാഷ്ട്രീയമോഹങ്ങള്‍ക്ക് സാഫല്യം നേടിയത്. പുതുതലമുറയുടെ വിദ്യാഭ്യാസ ഭാവി കുരുതികൊടുത്തുകൊണ്ട് കെട്ടിപ്പൊക്കിയ രാഷ്ട്രീയ സിംഹാസനങ്ങള്‍ പില്‍കാലത്ത് നിശിതമായ വിചാരണകള്‍ക്ക് വിധേയമായിട്ടുണ്ട് എന്നതാണ് ആശ്വാസകരമായിട്ടുള്ളത്.
അടിയാന്മാര്‍ക്ക് സ്വാതന്ത്യത്തിന്റെ ആകാശങ്ങളിലേക്ക് പറക്കാന്‍ പ്രമാണിത്തത്തിന്റെ തല കൊയ്യുകയേ നിര്‍വ്വാഹമുള്ളു എന്ന് തെറ്റിദ്ധരിച്ച അതിവിപ്ലവ രാഷ്ട്രീയത്തിന്റെ കാലത്ത്, ശക്തമായ ധര്‍മപക്ഷപാത മുദ്രാവാക്യങ്ങളുമായി രംഗപ്രവേശം ചെയ്യാനും ചുവടുറപ്പിക്കാനും കഴിഞ്ഞുവെന്നത് എസ് എസ് എഫിന്റെ സാന്നിധ്യം സമൂഹം ആഗ്രഹിച്ചുവെന്നതിന്റെ കൂടി ഫലശ്രുതിയാണ്. രാജ്യത്തെ ഇരുപത്തിയൊന്നു സംസ്ഥാനങ്ങളില്‍ എസ് എസ് എഫിന്റെ പ്രവര്‍ത്തനം ഇന്ന് വ്യവസ്ഥാപിതമായി നടന്നുവരുന്നു. ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്തമാന്‍ ദ്വീപുകള്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും എസ് എസ് എഫിന്റെ സാന്നിധ്യമുണ്ട്.
വിദ്യാര്‍ത്ഥി/ വിദ്യാഭ്യാസ കേന്ദ്രിതമാണ് സംഘടനയെങ്കിലും അതിന്റെ കര്‍മമേഖല വിപുലമാണ്. സാമൂഹ്യ വിഷയങ്ങളില്‍ സമയാസമയം ഇടപെടുകയും നിലപാടുകള്‍ പറയുകയും ചെയ്യാറുണ്ട്്് എസ് എസ് എഫ്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന മദ്യ, മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ എസ് എസ് എഫിന് സാധിച്ചു. സര്‍വ തിന്മകളോടും കലഹം കൂട്ടിക്കൊണ്ടുമാത്രമേ വിദ്യാര്‍ത്ഥികളില്‍ നന്മ വിളയിച്ചെടുക്കാന്‍ കഴിയൂ എന്നതുകൊണ്ടാണ് സാമൂഹ്യ വിഷയങ്ങളില്‍ സംഘടനക്ക് ഇടപെടേണ്ടിവരുന്നത്. അതിനിയും തുടരും. സമൂഹ സംസ്‌കരണം അജണ്ടയായി സ്വീകരിച്ച ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് 'ചുറ്റുവട്ടം' എന്തുമായിക്കോട്ടെ എന്ന ലാഘവത്വം പാടില്ലാത്തതാണ്.
അഹ്‌ലുസ്സുന്നയാണ് എസ് എസ് എഫിന്റെ ആദര്‍ശധാര. മുത്ത്‌നബിയില്‍ നിന്ന് കൈമാറിക്കിട്ടിയ വിശ്വാസ പ്രമാണമാണ് അതിന്റെ അടിത്തറ. അതില്‍ വെള്ളം ചേര്‍ക്കുന്നത് മത ദര്‍ശനങ്ങളെ വികൃതപ്പെടുത്തലാണ്. ഇസ്‌ലാം വിരോധികള്‍ക്ക് പരിഹസിക്കാന്‍ വകനല്‍കിക്കൊണ്ട് മതത്തിന്റെ സൗന്ദര്യഭാവങ്ങളെ തല്ലിക്കെടുത്തുകയാണ് 'പരിഷ്‌കരണ വാദികള്‍' ചെയ്തത്. ആദര്‍ശവ്യതിയാനങ്ങളെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എസ് എസ് എഫ് എന്നും മുന്നിലുണ്ടായിട്ടുണ്ട്.
സുന്നി സംഘകുടുംബത്തിനകത്ത് എസ് എസ് എഫിന്റെ ഇടം സുവിദിതമാണ്. പുതുതലമുറക്ക് ആദര്‍ശബോധവും ആത്മീയമായ അച്ചടക്കവും പകര്‍ന്നുനല്‍കി അവരെ പ്രസ്ഥാനത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിതരാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എസ് എസ് എഫ് നിര്‍വ്വഹിച്ചത്.
സുന്നി പ്രസ്ഥാനത്തിന്റെ വളര്‍ച്ച ചിലരെ അലോസരപ്പെടുത്തുകയും മറ്റു ചിലരില്‍ അസൂയ ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് സ്വാഭാവികമാണ്. വ്യക്തമായ ആദര്‍ശനിഷ്ഠയില്‍ ഒരു വിഭാഗം ശക്തിപ്പെട്ടു വരുന്നത് ചിലരെയെങ്കിലും അലോസരപ്പെടുത്താതെ വയ്യ. സംഘശക്തിയെ തകര്‍ക്കാമെന്ന ഇവരുടെ വ്യാമോഹങ്ങള്‍ക്ക് കാലപ്പഴക്കമുണ്ട്. അത് സഫലമാവാത്തതിന്റെ നിരാശയാണ് പ്രകോപനമായും ഭീഷണിയായും പുറത്തുവരുന്നത്. സംഘകുടുംബത്തിന് നേര്‍ക്ക് അവിവേകികള്‍ തൊടുത്തുവിടുന്ന അസ്ത്രങ്ങളെ പ്രാണന്‍ പകുത്തുനല്‍കിയും എസ് എസ് എഫ് പ്രതിരോധിക്കുകതന്നെ ചെയ്യും.
സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി 6500 ലേറെ യൂണിറ്റുകളില്‍ പ്രകടനവും പതാക ഉയര്‍ത്തലും മധുരവിതരണവും നടക്കും. വൈകീട്ട് 509 സെക്ടര്‍ കേന്ദ്രങ്ങളില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. 'ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു' പ്രമേയത്തില്‍ പ്രഭാഷണം നടക്കും. പഠനോപകരണ വിതരണമുള്‍പ്പടെ വിവിധ സേവനപ്രവര്‍ത്തനങ്ങളും ഘടകങ്ങളില്‍ തീരുമാനിച്ചിട്ടുണ്ട്.
ന്യൂ ജനറേഷന്റെ തിരുത്ത്
ന്യൂജനറേഷന്‍ എന്നത് ഒരു പരിഹാസ്യപദമായി പ്രയോഗിക്കപ്പെടുന്നുണ്ടിപ്പോള്‍. ഏത് ആഭാസങ്ങളും ന്യൂജനറേഷന്റെ തലയില്‍ കെട്ടിവെക്കാവുന്ന സാമൂഹ്യ പരിസരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പുതുതലമുറക്ക് എന്ത് പറയാനുണ്ടെന്നത് ചെവിയോര്‍ക്കാന്‍ ഏറെപ്പേരും തയ്യാറാകുന്നില്ല. അവഹേളനവും കുറ്റപ്പെടുത്തലും  കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റുന്നത് അഭിലഷണീയമല്ല. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ ജീര്‍ണതകള്‍ വിപാടനം ചെയ്തുകൊണ്ട് മാത്രമേ നാടിന്റെ ചിത്രം മാറ്റിവരക്കാന്‍ കഴിയൂവെന്ന് എസ് എസ് എഫ് മനസ്സിലാക്കുന്നു. പുതുതലമുറക്ക് ഇതില്‍ ഏറെ സംഭാവനകളര്‍പ്പിക്കാന്‍ കഴിയും. നവസാങ്കേതിക വിദ്യകളും പുതുമാധ്യമങ്ങളും ഏറ്റവും ഫലപ്രദമയി ഉപയോഗിക്കുന്നത് അവരാണ്. അവരുടെ അറിവും ആര്‍ജവവും ഗുണപരമായ വഴിയില്‍ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ അത് വലിയ കുതിപ്പുകള്‍ക്ക് കാരണമാകും. പുതുതലമുറയെക്കുറിച്ച് എസ് എസ് എഫ് നിരാശപ്പെടുന്നില്ല. അവരുടെ അഭിരുചികളെ ധാര്‍മികമായി ചിട്ടപ്പെടുത്തിക്കൊണ്ട് കാലത്തെയും സമൂഹത്തെയും തിരുത്താന്‍ കഴിയുന്ന ശക്തിയായി അവരെ മാറ്റിയെടുക്കാമെന്ന ശുഭാപ്തി വിശ്വാസം എസ് എസ് എഫിനുണ്ട്.
ആദരണീയരായ പണ്ഡിതജ്യോതിസ്സുകളാണ് ഇക്കാലമത്രയും എസ് എസ് എഫിന് വഴികാട്ടിയത്.  അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ ആത്മാവില്‍ ചേര്‍ത്തുപിടിച്ചിട്ടുണ്ട്, എപ്പോഴും. അതെന്നും അങ്ങനെത്തന്നെയായിരിക്കും. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല. തിന്മകളോട് സമരസപ്പെടില്ല. നന്മകളെ നിസാരവല്‍കരിക്കില്ല. അധര്‍മ്മങ്ങളോട് നിവര്‍ന്നുനിന്ന് പൊരുതാന്‍ എസ് എസ് എഫ് എന്നും പ്രതിജ്ഞാബദ്ധമാണ്.

No comments:

Post a Comment