Tuesday 12 May 2015

നമ്മുടെ ഉമ്മ

നമ്മുടെ ഉമ്മ…….!നമുക്ക് വേണ്ടി കൂടുതല് ബുദ്ധിമുട്ടുകള് സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്ആനില് പറയുന്നു.ക്ഷീണത്തിനുമേല് ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന് പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ്നമുക്ക് കൂടുതല് കടപ്പാടുള്ളത്.ഒരിക്കല് ഒരാള് നബി (സ) യോട് ചോദിച്ചു.അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന് ആരാണ് അപ്പോള് നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് ‘നിന്റെ പിതാവിനോടാണ്’ എന്ന് ഉത്തരം നല്കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില് പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്പെടുത്താനോ ഇസ്ലാം അനുവദിക്കുന്നില്ല.ഒരിക്കല് മാതാവിനെതിരെ പരാതിയുമായി ഒരാള് നബി (സ) യുടെ അടുക്കല് വന്നു. റസൂലേ (സ) എന്റെമാതാവിന് ആവശ്യമായ ധനം ഞാന് നല്കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന് സഹായിക്കണോ ഞാന് എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന് (സ) മറുപടി നല്കി. നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില് നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില് ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്ഗ്ഗമെന്ന്.പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന് പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന് ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല് ചെന്ന് കാല് ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.മാതാവിനെ സ്നേഹിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഇരു ലോകത്തും ഉല്കൃഷ്ട പദവി കരസ്ഥമാക്കാന് കഴിയും.ഒരിക്കല് സുലൈമാന് നബി (അ) സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലില് ശക്തമായ കാറ്റ്കാരണം കടല് പ്രക്ഷുബ്ധമായിരുന്നു. സുലൈമാന് നബി (അ) കാറ്റിനോട് ശാന്തമാവാന് ആവശ്യപ്പെട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞപോള് കടല് ശാന്തമായി. അപോള് സുലൈമാന് നബി (അ) തന്റെ കൂടെയുണ്ടായിരുന്ന ഇഫ്രീത് എന്ന ജിന്നിനോട് ആഴക്കടലില് മുങ്ങാന് ആവശ്യപ്പെട്ടു. ആഴക്കടലില് മുങ്ങിയ ഇഫ്രീത് വര്ണ്ണ മനോഹരമായ മാണിക്യത്തിന്റെ ഒരു ഖുബ്ബ കാണുകയും അതെടുത്ത് സുലൈമാന് നബി(അ) ക്ക് നല്കുകയും ചെയ്തു. മനോഹരമായ ഖുബ്ബക്കകത്ത് എന്താണ് എന്നറിയാന് സുലൈമാന് നബി (സ) അല്ലാഹുവോട് പ്രാര്ത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപെട്ടു. ഖുബ്ബക്കുള്ളില് സുന്ദരനായ ഒരു യുവാവ്. സുലൈമാന് നബി (അ) ചോദിച്ചു. നീ ആരാണ് ?നീ മലക്കുകളില് പെട്ടവനാണോ? അതല്ല ജിന്ന് വിഭാഗത്തില് പെട്ടവനോ? ഖുബ്ബക്കകത്തെ മനുഷ്യന് പറഞ്ഞു: ഞാന് മനുഷ്യ വിഭാഗത്തില് പെട്ടവനാണ്. അപോള് സുലൈമാന് നബി (അ) ചോദിച്ചു. നിനക്ക് എങ്ങനെ ഈഉല്കൃഷ്ട സ്ഥാനം ലഭിച്ചു? ആ മനുഷ്യന് മറുപടി നല്കി. വൃദ്ധയായ എന്റെ മാതാവിനെ ഞാന് ചുമലില് ഏറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാര്ത്ഥിക്കുമായിരുന്നു.അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നല്കണമേ. എന്റെ മരണ ശേഷം ആകാശത്തു ഭൂമിയിലുമല്ലാത്ത ഒരു സ്ഥലത്ത് നീ അവനെ എത്തിക്കണേ . വൃദ്ധയായഎന്റെ മാതാവ് മരണപ്പെട്ടു. മറവ് ചെയ്തു മറ്റു കര്മ്മങ്ങളുമെല്ലാം കഴിഞ്ഞു. ഒരു ദിവസം ഞാന് കടലിന്റെ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോള് കടല്തീരത്ത് മാണിക്യത്തിന്റെ ഒരു ഖുബ്ബ ഞാന് കണ്ടു. അതിന്റെ അടുത്ത് വന്നപോള് ഖുബ്ബയുടെ വാതില് തുറന്നു. ഖുബ്ബക്കകത്ത് കയറിയ ശേഷം ഞാന് ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന് കഴിഞ്ഞില്ല.സുലൈമാന് നബി (അ) ചോദിച്ചു. നിനക്കുള്ള ഭക്ഷണം എവിടുന്ന് ലഭിക്കും. അദ്ദേഹം പറഞ്ഞുഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട് അതില് നിന്നും പഴം കഴിക്കും. എനിക്ക് ദാഹിച്ചാല് പാലിനേക്കള് വെളുത്തതും തേനിനേക്കാള് മധുരമുള്ളതും മഞ്ഞിനേക്കാള് തണുത്തതുമായ ഖുബ്ബക്കകത്തെ ഉറവയില് നിന്നും ഞാന് കുടിക്കും. സുലൈമാന് നബി (അ) ചോദിച്ചു. രാത്രിയും പകലും നീ എങ്ങനെ തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. പ്രഭാതമായാല് ഖുബ്ബ പ്രകാശപൂരിതമാകും. സൂര്യന് അസ്തമിച്ചാല് ഖുബ്ബയില് ഇരുട്ടാകും. മാതാവിന്റെ തൃപ്തി കരസ്ഥമാക്കി അല്ലാഹുവിന്റെ അടുക്കല് ഉള്കൃഷ്ട സ്ഥാനം നേടിയ ഖുബ്ബക്കകത്തെ മനുഷ്യനുമായി ദീര്ഘ നേരം സംഭാഷണത്തിനു ശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലില് തന്നെ തിരിച്ചെത്തുകയും ചെയ്തു.മാതാവിനെ അനുസരിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഉല്കൃഷ്ട പദവി ലഭിക്കുന്നതോടൊപ്പം മാതാവിന്റെ മനസ്സ് വേദനിപ്പിച്ചാല് എത്ര വലിയ ഇബാദത്ത് ചെയ്തവനാണെങ്കിലും അതിന്റെ ഗുരുതരമായ ശിക്ഷ ഇഹ ലോകത്ത് അവന് അഭിമുഖീകരിക്കേണ്ടി വരും.

No comments:

Post a Comment