Wednesday 20 May 2015

*നബി പുത്രിയുടെ പ്രണയ കഥ*

*നബി പുത്രിയുടെ പ്രണയ കഥ*

വായിക്കണം.. ഇത്തിരി കണ്ണീരു പൊടിയാതെ ഇത് വായിച്ചു തീരാൻ സാധിക്കുമോ എന്ന് ശ്രമിക്കുക..

ഒരു അറേബ്യന്‍ പ്രണയകഥ 
-----------------------------------

ഇത് ഒരു അതിമനോഹര പ്രണയകഥയാണ്..
എല്ലാ പ്രണയകഥകളെയും പോലെത്തന്നെ പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും തകരാത്ത പ്രണയത്തിന്റെ കഥ..

പക്ഷെ പ്രണയം എന്നാല്‍ വിവാഹത്തിന് മുമ്പ് മാത്രം ഉണ്ടാവുന്ന ഒരു പ്രതിഭാസം ആണെന്നും പ്രതിസന്ധികള്‍ മറികടന്നു കൊണ്ട് വിവാഹത്തിലെത്തുന്നതോട് കൂടെ കഥയുടെ ക്ലൈമാക്സ് ആകുന്നു എന്നുമുള്ള ഒരു സ്റ്റീരിയോടൈപ്പ് ചിന്തയാണ് നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വന്നതെങ്കില്‍ അത് ആദ്യമേ ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊള്ളുക..

കാരണം ഈ പ്രണയകഥയുടെ ക്ലൈമാക്സ് അല്ല വിവാഹം, മറിച്ചു, വിവാഹം ഇതിന്റെ തുടക്കമാണ്..

നബിയുടെയും ഖദീജയുടെയും പുത്രി സൈനബും ഖദീജയുടെ അനന്തരവന്‍ അബുല്‍ ആസും തമ്മിലുള്ള ഒരു അതിമനോഹരപ്രണയകഥ.. ഒരു അറേബ്യന്‍ പ്രണയകഥ..!!

ഈ കഥ തുടങ്ങുന്നത് മുഹമ്മദ്‌, നബിയാകുന്നതിനും മുമ്പാണ്.. അല്‍ അമീന്റെ സൗന്ദര്യവും പുഞ്ചിരിയും ആവോളം പകര്‍ന്നു കിട്ടിയ, തന്റെ അമ്മായിയുടെ മകള്‍ കൂടിയായ സൈനബിനെ അബുല്‍ ആസ് ആദ്യം മുതലേ ഇഷ്ടപ്പെട്ടിരുന്നുവോ.. അതോ മക്ക മുഴുവന്‍ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന അല്‍ അമീന്റെ മകള്‍ എന്ന കാരണമോ.. എന്താണെന്നറിയില്ല.. എന്തായാലും അബുല്‍ ആസ് ആണ് അല്‍ അമീനോട് അങ്ങോട്ട്‌ പോയി മകളെ ആലോചിച്ചത്..

അദ്ദേഹം സൌമ്യമായി പുഞ്ചിരിച്ചു.. ഖുറൈഷി ഗോത്രത്തിലെ അറിയപ്പെടുന്ന കുടുംബത്തില്‍ പിറന്ന ഈ യുവകോമളനെ ആരാണ് മരുമകനായി ആഗ്രഹിക്കാത്തത്..?

"ഞാന്‍ അവളോട്‌ കൂടെ ഒന്ന് ചോദിക്കട്ടെ.."

അദ്ദേഹം സൈനബിനോട് കാര്യം അവതരിപ്പിച്ചു..

സുന്ദരമായ ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. ഇടംകണ്ണിട്ടു കൊണ്ട് പിതാവിനെ നോക്കി ഒരു പുഞ്ചിരി.. അതായിരുന്നു സൈനബിന്റെ മറുപടി..

തിഹാമയെയും യഥ്രീബിനെയും കോരിത്തരിപ്പിച്ച ഒരു പ്രണയകാവ്യം മരുഭൂമിയില്‍ മരുപ്പച്ച പോലെ രചിക്കപ്പെടുകായിരുന്നു അവിടം മുതല്‍...

അവര്‍ വിവാഹിതരായി.. മക്കയിലെ ഓരോ പ്രണയജോഡികളും അസൂയയോടെ നോക്കും വിധം ഉമ്മുല്‍ ഖുറാവിന്‍റെ മണലാരണ്യത്തില്‍ അവര്‍ പ്രണയത്തിന്റെ മലര്‍വ്വനികള്‍ തീര്‍ത്തു.. സൂര്യന്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന മരുഭൂവിന്റെ ഗ്രീഷ്മത്തിലും പ്രണയത്തിന്‍റെ തണല്‍ അവര്‍ക്ക് കുളിരേകി.. ആ ദാമ്പത്യവല്ലരിയില്‍ രണ്ടു കുസുമങ്ങള്‍ വിരിഞ്ഞു.. അലിയും ഉമൈമയും..

പക്ഷെ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്.. ഒരിക്കലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടില്ലാത്ത അവരുടെ ജീവിതത്തില്‍ ആദ്യമായി കരിനിഴല്‍ വീഴ്ത്തിയത് ഒരു വെളിച്ചമായിരുന്നു.. 'മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല' എന്ന ആപ്തവാക്യത്തിന്റെ പുതുനിയോഗമായി, ഇരുണ്ട യുഗത്തെ സുവര്‍ണ്ണം ആക്കാന്‍ ദൈവം ദൌത്യം ഏല്‍പ്പിച്ച വിമോചകന്‍ സൈനബിന്റെ പിതാവാവുകയായിരുന്നു..

മക്കയുടെ വിഹ്വലതകള്‍ ജാഹിലിയ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഒരു രാത്രിയുടെ ഏതോ യാമത്തില്‍, അല്‍ അമീന്‍ തപസ്സിന്റെ എഴുവാനങ്ങളും പിന്നിട്ട ഏതോ ഒരു നിമിഷത്തില്‍, ആയിരം വര്‍ണ്ണച്ചിറകുകള്‍ വീശി ജിബ്‌രീൽ (അ) എന്ന മാലാഖ വന്നിറങ്ങിയ നിമിഷം മുതല്‍ മക്ക അനുഭവിച്ച മാറ്റങ്ങള്‍ സൈനബിന്റെയും അബുല്‍ ആസിന്‍റെയും കൂടി ആയിരുന്നു..

ശാമിലെ കച്ചവടം കഴിഞ്ഞു മടങ്ങിയെത്തിയ അബുല്‍ ആസിനെ കാത്തിരുന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. തന്റെ പ്രിയതമ തന്നോട് ആലോചിക്കുക പോലും ചെയ്യാതെ ഇസ്ലാമിനെ പുല്‍കിയിരിക്കുന്നു.. കാലങ്ങളായി മക്ക പാലിച്ചുപോന്ന ജീവിതവ്യവസ്ഥകള്‍ ഉപേക്ഷിച്ചിരിക്കുന്നു..

അവള്‍ അവനോടു എല്ലാം തുറന്നു പറഞ്ഞു.. ഹിറാഗുഹയിലെ നീരുറവ അവനിലും കുളിര് പകരുമെന്ന് കരുതിയ അവള്‍ക്ക് ആദ്യമായി അന്ന് അവന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു..
"എന്നോട് ചോദിക്കാതെ നീ എന്തിനു ഈ തീരുമാനം എടുത്തു..?"

"സത്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്..? എനിക്കെങ്ങനെ എന്റെ പിതാവില്‍ അവിശ്വസിക്കാന്‍ കഴിയും? അദ്ദേഹം അല്‍ അമീനും അല്‍ സിദ്ധീഖും ആണെന്നും നുണ പറയാത്തവന്‍ ആണെന്നും നിങ്ങള്‍ക്കും അറിയാവുന്നതല്ലേ..? ഞാന്‍ മാത്രമല്ല, എന്റെ ഉമ്മയും സഹോദരിമാരും എന്റെ പിതാവിന്റെ പിതൃവ്യപുത്രന്‍ അലിയും നിങ്ങളുടെ മാതുലപുത്രന്‍ ഉസ്മാനും നിങ്ങളുടെ സുഹൃത്ത്‌ അബൂബക്കറും എല്ലാം ഇസ്ലാം സ്വീകരിചിട്ടുണ്ടല്ലോ.. പിന്നെ എന്താ?"

സൈനബിന്റെ ശബ്ദം ഇടറിയോ..

"എന്തായാലും എന്റെ കാര്യത്തില്‍ തന്റെ പത്നിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പിതാക്കളെയും പൂര്‍വ്വപിതാമാഹന്മാരെയും കുടുംബത്തെയും കാലങ്ങളായി മുറുകെപിടിച്ചു പോന്ന വിശ്വാസങ്ങളെയും എല്ലാം തള്ളിപ്പറഞ്ഞവന്‍ എന്ന് ജനം എന്നെ വിളിക്കുന്നത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.."

കവിളുകളില്‍ കണ്ണീരുകള്‍ ചാലിട്ടൊഴുകുന്ന തന്റെ പ്രിയതമയെ മാറോടു ചേര്‍ത്ത് അയാള്‍ ഒന്നുകൂടി പറഞ്ഞു.. "നിന്നെയും നിന്റെ പിതാവിനെയും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.. ഞാനൊരിക്കലും ഖുറൈഷിപ്രഭുക്കന്മാര്‍ ചെയ്യുന്ന പോലെ നിന്റെ പിതാവിനെ അധിക്ഷേപ്പിക്കില്ല.. എങ്കിലും എനിക്കെന്റെ വിശ്വാസങ്ങള്‍ വലുതാണ്‌.. അതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.. നീ എന്നെ മനസ്സിലാക്കുക.. എന്നോട് ക്ഷമിക്കുക.."

"എന്താണ് നീ ഈ പറയുന്നത്? ഞാന്‍ അല്ലാതെ പിന്നെ ആരാണ് നിന്നെ മനസ്സിലാക്കാനും നിന്നോട് ക്ഷമിക്കാനും ആയി ഇവിടെ ഉള്ളത്? എന്തൊക്കെ സംഭവിച്ചാലും നമ്മുടെ സ്നേഹത്തിനു അതൊന്നും പോറല്‍ ഏല്‍ക്കുന്നില്ലല്ലോ..? ഞാനെന്നും നിന്റെ കൂടെ ഉണ്ടാകും.. ഒരുനാള്‍ നീ സത്യത്തിലേക്ക് വരുമെന്ന്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു.."

-------------------

ഹിറയില്‍ കൊളുത്തിയ വിപ്ലവത്തിന്റെ തീനാളം ഗോത്രമേല്‍ക്കോയ്മയുടെ പാഴ്ദൈവങ്ങള്‍ക്ക് നേരെ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍, തങ്ങളെ അടിമകളാക്കി നിര്‍ത്തിയ ജാഹിലിയ്യത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെ വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കി അടിയാളന്‍മാര്‍ ദൈവദൂതന്റെ കീഴില്‍ അണിനിരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മക്ക അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ചേരികള്‍ ആവുകയായിരുന്നു..

അതില്‍ പരസ്പരം എതിര്‍പക്ഷത്ത് നിന്ന് കൊണ്ടും അഗാധമായി സ്നേഹിക്കുന്ന രണ്ടു പേര്‍.. അബുല്‍ ആസും സൈനബും..

പതിമൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി..അപ്പോഴാണ്‌ മക്കയില്‍ നിന്നും മദീനയിലേക്ക് നിര്‍ബന്ധപലായനം- 'ഹിജ്റ' വരുന്നത്..  സൈനബിനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കണോ അതോ ജീവശ്വാസത്തേക്കാള്‍ താന്‍ വിലമതിക്കുന്ന തന്റെ ആദര്‍ശത്തെ അനുസരിക്കണോ..? താന്‍ അബുല്‍ ആസിനെ ഉപേക്ഷിച്ചാല്‍ തനിക്കുണ്ടാവുന്ന വിഷമത്തേക്കാള്‍ അബുല്‍ ആസിനുണ്ടാവാന്‍ പോകുന്ന വിരഹവേദന ആയിരുന്നു അവളെ കൂടുതല്‍ കുഴക്കിയത്..

തന്റെയീ ധര്‍മ്മസങ്കടം അവള്‍ പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു..

"പിതാവേ.. ഞാന്‍ ഒരിക്കലും എന്റെ ആദര്‍ശത്തെ കൈവെടിയില്ല.. പക്ഷെ എന്നെ അബുല്‍ ആസിന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കാമോ? എനിക്കൊരു ഇളവു നല്‍കാമോ? അബുല്‍ ആസ് ഇസ്ലാമിലേക്ക് വരും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.."

എന്നും നിയമത്തിലെ ഇളവുകള്‍ നിയമങ്ങള്‍ ആക്കുന്ന സുന്ദരപ്രത്യയശാസ്ത്രത്തിന്റെ വക്താവിന് അല്‍പ്പം പോലും ആലോചിക്കേണ്ടി വന്നില്ല.. ഒരു പുഞ്ചിരിയായിരുന്നു മറുപടി..

"നിനക്ക് വേണമെങ്കില്‍ നിന്റെ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നില്‍ക്കാം.."

അങ്ങനെ അവിശ്വാസിയുടെ ഭാര്യ ആയി വിശ്വാസി ആയ സൈനബ് മക്കയില്‍ തന്നെ ജീവിച്ചു പോന്നു.. അബുല്‍ ആസിന്റെ കൂടെ തന്നെ ജീവിക്കാന്‍ അനുവാദം കിട്ടിയപ്പോള്‍ സൈനബില്‍ തിരതല്ലിയ ആനന്ദത്തിനു അതിരില്ലായിരുന്നു.. പക്ഷെ വെണ്ണക്കല്ലുകളിലെ കറുത്ത കുത്തുകള്‍ പോലെ എന്നും അബുല്‍ ആസിന്റെ അവിശ്വാസം അവളില്‍ ഒരു നൊമ്പരമായി നിലകൊണ്ടു.. അബുല്‍ ആസിനെ വിശ്വാസത്തിലേക്ക് കൊണ്ട് വരാന്‍ അവള്‍ ആവതും ശ്രമിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.. പക്ഷെ അവരുടെ പ്രണയം ഒരിക്കലും പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല..

പക്ഷെ.... ഒരു വലിയ പരീക്ഷണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.. 'ബദര്‍'..!!

ഫുര്‍ഖാന്‍ ഏടുകളില്‍ നിന്നും മണ്ണിലേക്കിറങ്ങുന്നു.. വിമോചനത്തിന്റെ ദൌത്യം ഏറ്റെടുത്ത പ്രത്യയശാസ്ത്രം അതിന്റെ പ്രഥമശത്രുക്കളുമായി അതിജീവനത്തിന്റെ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നു..

ബദര്‍ യുദ്ധത്തെ പലരുടെയും കണ്ണിലൂടെ നാം നോക്കി കണ്ടിട്ടുണ്ട്.. നബിയുടെ, അബൂബക്കറിന്റെ, ഉമറിന്റെ, അലിയുടെ, ഹംസയുടെ, ബിലാലിന്റെ, അബൂഉബൈദയുടെ, അബൂഹുദൈഫയുടെ എന്തിനു ശത്രുസൈന്യാംഗങ്ങളില്‍ പെട്ട പലരുടെയും വരെ കണ്ണുകളിലൂടെ.. പക്ഷെ സൈനബിന്റെ കണ്ണിലൂടെ ആരെങ്കിലും ബദറിനെ നോക്കി കണ്ടിട്ടുണ്ടോ..?

രണ്ടു സൈന്യങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ അതിലൊന്നില്‍ തന്റെ പിതാവുണ്ട്.. മറുസൈന്യത്തില്‍ തന്റെ ഭര്‍ത്താവും.. ഒരുപക്ഷെ അബുല്‍ ആസ് അന്നാദ്യമായാവാം സൈനബ് ഒരുക്കികൊടുത്തതല്ലാത്ത വസ്ത്രങ്ങളും അലങ്കാരങ്ങളും അണിഞ്ഞു യാത്ര ചെയ്തത്.. സൈനബിനേറെ പ്രിയപ്പെട്ട രണ്ടുപേര്‍ നാളെ ബദറില്‍ മുഖാമുഖം ഏറ്റുമുട്ടാന്‍ പോകുന്നു.. ബദര്‍ രണഭൂമിയില്‍ നിന്നും കാതങ്ങളകലെ മക്കയിലെ ആ വീട്ടില്‍ നിന്നും തന്റെ രണ്ടു കുഞ്ഞുങ്ങളെയും മാറോടണക്കിപ്പിടിച്ചു കൊണ്ട് നബിപുത്രിയുടെ കണ്ഠനാളത്തില്‍ നിന്നും മാനത്തേക്കുയര്‍ന്ന നിലവിളികള്‍..... "ദൈവമേ.. ആകാശഭൂമികളുടെ നാഥാ.. നാളത്തെ പ്രഭാതം ആരെയാണ് അനാഥയാക്കാന്‍ പോകുന്നത്? എന്നെയോ..... എന്റെ മക്കളെയോ.......??

കാലത്തിന്റെ അനിവാര്യത തന്നെയായിരുന്നു അത്.. ചരിത്രത്തില്‍ ഇതിനു മുമ്പും എത്രയോ വമ്പന്മാര്‍, എത്രയോ ഉന്നതന്മാര്‍ എന്ന് അവകാശപ്പെട്ടവര്‍ ഇവ്വിധം നിലം പതിച്ചിട്ടുണ്ട്. നംറൂദ്, ഫറോവ, ഹാമാന്‍..... ഒരാള്‍ക്ക് വേണ്ടിയും ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തിട്ടില്ല.. മക്കയുടെ പ്രമാണിക്കൂട്ടങ്ങളുടെ നേതാവ് അബൂജഹല്‍ രണ്ടു അന്‍സാരിപിള്ളേരുടെ വാള്‍മുനയില്‍ തീര്‍ന്നപ്പോള്‍ അവരിലേക്ക് ഒരുനാമം കൂടി എഴുതി ചേര്‍ക്കപ്പെടുക മാത്രമായിരുന്നു..

നീതിയുടെ പോരാളികള്‍ക്കായി മാലാഖമാരുടെ സൈന്യം മണ്ണിലിറങ്ങിയപ്പോള്‍ ബദറില്‍ ജയം മുസ്ലിംകള്‍ക്ക്..
"എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്.!!"

----------

സൈനബ് കാത്തിരിക്കുകയാണ്.. നിറകണ്ണുകളോടെ.. അവളുടെ ഹൃദയമിടിപ്പിന് ബദറിലെ കുതിരക്കുളമ്പടികളുടെ താളമാണ്.. വാര്‍ത്തയുമായി എത്തിയ ആളെ കണ്ടതും അവള്‍ ഓടി അയാളുടെ അടുത്തേക്ക് ചെന്നു..

"എന്റെ പിതാവിന് എങ്ങനെയുണ്ട്?"

"അദ്ദേഹം സുരക്ഷിതനാണ്. യുദ്ധം മുസ്ലിംകള്‍ ജയിച്ചു.."

"ദൈവത്തിനു സ്തുതി.."

ഹൃദയത്തില്‍ ഒരു അഗ്നിനിറച്ചു കൊണ്ട്, വിറയാര്‍ന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും ചോദിച്ചു..
"എന്റെ ഭര്‍ത്താവ്..?"

"അദ്ദേഹം ബന്ധിയാക്കപ്പെട്ടു. മോചനമൂല്യം നല്‍കിയാല്‍ വിട്ടയക്കപ്പെടും.."

"ദൈവമേ.... സര്‍വ്വലോകപരിപാലകാ... നിനക്കാകുന്നു സര്‍വ്വസ്തുതിയും... നന്ദി, ഒരായിരം നന്ദി...!!"

----------

മദീനയില്‍ ബദറിന്റെ ജേതാവ് ദൈവദൂതന്‍ മുഹമ്മദ്‌, ബന്ധികളെ മോചനമൂല്യം സ്വീകരിച്ചു വിട്ടയക്കുന്ന തിരക്കിലാണ്.. മക്കയുടെ നേതാക്കള്‍, ഉന്നതകുലജാതര്‍, പ്രമാണിമാര്‍ തങ്ങള്‍ ആട്ടിയോടിച്ചവന്റെ മുന്നില്‍, തങ്ങള്‍ മര്‍ദ്ദിച്ചവരുടെ, അടിമകള്‍ ആക്കിയവരുടെ മുന്നില്‍ കുനിഞ്ഞ ശിരസ്സുകളോടെ നില്‍ക്കുന്നു.. കാലത്തിന്റെ കാവ്യനീതി..!!

അടുത്തതായി തിളങ്ങുന്ന ഒരു മുത്തുമാല നബിയുടെ കയ്യിലെത്തി.. ഒരു നിമിഷം..! നബി സ്തബ്ദനായി അതിലേക്ക് തന്നെ നോക്കിനിന്നുപോയി..!! പതിയെ.. ആ മനോഹരനയനങ്ങള്‍ അശ്രുകണങ്ങളാല്‍ അവ്യക്തമായി..
"ഇതാരുടെ മോചനമൂല്യം ആണ്..?"

"അബുല്‍ ആസ് ഇബ്നു റബീഹ്.."

ഒരു തുള്ളി കണ്ണീര്‍ നബി പോലും അറിയാതെ അദ്ദേഹത്തിന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങി..
സഹാബികള്‍ക്ക് ഇത് ഞെട്ടലുണ്ടാക്കി.. താഇഫിന്റെ പീഡനങ്ങള്‍, മക്കയുടെ ക്രൂരതകള്‍, കുടല്‍മാലക്കടിയില്‍ കിടന്ന വേദനകള്‍ നനയ്ക്കാത്ത തങ്ങളുടെ നായകന്‍റെ നയനങ്ങള്‍ ഇതാ നിറഞ്ഞിരിക്കുന്നു..

"നബിയേ.. എന്ത് പറ്റി?"

ഇടറുന്ന ശബ്ദത്തോടെ നബി അത് പറഞ്ഞൊപ്പിച്ചു..
"ഇത്.... ഇതെന്‍റെ ഖദീജയുടെ മാലയാണ്..!!"

സമ്മിലൂനീ...... സമ്മിലൂനീ.......ഖദീജ..!
മുഹമ്മദിന്റെ പ്രിയപത്നി.. പ്രതിസന്ധികളില്‍ എന്നും നബിയ്ക്ക് താങ്ങും തണലുമായി നിന്നവള്‍.. അസ്ഥികളില്‍ കുളിര് പകരുന്ന ജ്വരതീക്ഷ്ണതയില്‍ തനിക്ക് പുതപ്പേകിയവള്‍, തന്റെ വിഹ്വലതകളില്‍ എന്നും തന്റെ മടിത്തട്ട് തലയിണയാക്കി തന്നവള്‍, സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും തന്നെ വിശ്വസിച്ചു ശിഅബു അബീത്വാലിബിന്റെ പട്ടിണിയിലേക്ക് ഇറങ്ങി വന്നവള്‍.. മരണപ്പെടുന്നതിനു മുമ്പ് ഖദീജ സൈനബിനു നല്‍കിയ അവരുടെ മാലയാണ് ഇപ്പോള്‍ വീണ്ടും തന്‍റെ കണ്മുന്നില്‍ എത്തിയിരിക്കുന്നത്.. മദീനയില്‍, ബദറിന്റെ വിജയം ആഹ്ലാദം പകരുന്ന ആ സായാഹ്നത്തില്‍ ഓര്‍മ്മകള്‍ ഇരമ്പുകയായിരുന്നു.. അന്ന്, അവിടെ കൂടി നിന്ന ഓരോ ആളും നബിക്കൊപ്പം ആ വിരഹവേദന അറിഞ്ഞു..

"എന്റെ പ്രിയ സഹചരന്മാരെ.. നിങ്ങളില്‍ എല്ലാവര്‍ക്കും, നിങ്ങളിലെ അവസാനത്തെ ആള്‍ക്ക് വരെ സമ്മതം ആണെങ്കില്‍.. പൂര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം.. ഞാനീ മാല എന്റെ മകള്‍ക്ക് തന്നെ തിരികെ നല്‍കിക്കോട്ടേ?"

അവര്‍ക്ക് ഉത്തരം നല്‍കാന്‍ അല്‍പ്പം പോലും സംശയിക്കേണ്ടി വന്നില്ല.. നബിയുടെ വേദന ആവാഹിച്ച മനസ്സുകള്‍ കൂട്ടമായി മറുപടി നല്‍കി..
"തീര്‍ച്ചയായും നബിയെ.. അത് തിരികെ നല്‍കിയാലും.."

അബുല്‍ ആസ് മോചിതനായി.. തിരിച്ചയക്കും മുമ്പ് നബി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സ്വകാര്യമായി ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു..

"ഞങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വന്നതോട് കൂടി നീയിപ്പോള്‍ ഇസ്ലാമിന്റെ തന്നെ ശത്രു ആയി മാറിയിരിക്കുന്നു.. ഒരു മുസ്ലിമിന് ഭര്‍ത്താവായിരിക്കാന്‍ നീയിപ്പോള്‍ യോഗ്യനല്ലാതായിരിക്കുന്നുവല്ലോ.. അതിനാല്‍ സൈനബിനോട് മദീനയില്‍ ഇസ്ലാമികസമൂഹത്തോടൊപ്പം ചേരാന്‍ ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്ന വിവരം അവളെ അറിയിക്കുക.."

നെഞ്ചില്‍ അതിശക്തമായ ഒരു പ്രഹരം കിട്ടിയത് പോലെയായിരുന്നു ആ വാക്കുകള്‍ അബുല്‍ ആസിനു.. പക്ഷെ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല.. കുനിഞ്ഞ ശിരസ്സുമായി അയാള്‍ മദീന വിട്ടു..

----------

മക്കയുടെ അതിര്‍ത്തിയില്‍ അബുല്‍ ആസിന്റെ വരവും കാത്തു ആകാംക്ഷയോടെ നില്‍ക്കുകയാണ് സൈനബ്.. ഒടുവില്‍ അതാ.. മരുഭൂമിയില്‍ ദൂരെ പൊട്ടു പോലെ അവള്‍ക്കവനെ കാണാം.. മുഖത്ത് ആശങ്ക മാറി പുഞ്ചിരി നിറഞ്ഞു..

പക്ഷെ.. പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല. അബുല്‍ ആസ് അവളെ വാരിപ്പുണര്‍ന്നില്ല.. മുഖത്ത് ചുടുചുംബനങ്ങള്‍ നല്‍കിയില്ല.. ആ മാല അവളുടെ കയ്യില്‍ വച്ച് കൊടുത്തു അവന്‍ അവളോട്‌ അവളുടെ പിതാവ് പറയാന്‍ ആവശ്യപ്പെട്ട കാര്യം മാത്രം പറഞ്ഞു.. ഒരുതരം നിര്‍വ്വികാരതയോടെ...

സൈനബ് ഒന്നും പറഞ്ഞില്ല..

എത്ര പെട്ടെന്നാണ് ദുഃഖവും സന്തോഷവും എല്ലാം മാറി മാറി മറിയുന്നത്.. നിര്‍വ്വികാരരായി, നിശബ്ദരായി അവര്‍ വീട്ടിലേക്ക് തിരിച്ചുനടന്നു.. ഒരുനാള്‍ അവര്‍ പ്രണയത്തിന്റെ മലര്‍വനികള്‍ തീര്‍ത്ത മക്കയുടെ വഴിത്താരകളിലൂടെ പ്രണയശൂന്യതയുടെ ഭാരവും ഹൃദയത്തിലേറ്റി.. അവര്‍ ഒന്നും പരസ്പരം സംസാരിച്ചില്ല.. അവരുടെ ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു..

സൈനബ്... അവളുടെ ചിന്തകള്‍.. ആദര്‍ശത്തോടുള്ള പ്രണയവും പ്രിയതമനോടുള്ള പ്രണയവും തമ്മില്‍ ഹൃദയരണാങ്കണത്തില്‍ പോരാടിയ നിമിഷങ്ങള്‍.. ഒടുവില്‍ അതിലൊരു പ്രണയം അവിടെ പരാജയപ്പെട്ടു വീണു, മരിച്ചില്ലെങ്കിലും...
സൈനബ് മദീനയിലേക്ക് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു..

വീട്ടിലെത്തിയ ശേഷം തന്റെ രണ്ടു മക്കളെയും കൂട്ടി യാത്ര പുറപ്പെടും മുമ്പ് വീണ്ടും അവള്‍ അവനെ വിളിച്ചു..
"എന്നെ തനിച്ചു വിടുകയാണോ?"

"ഞാനല്ല.. നീയാണല്ലോ എന്നെ തനിച്ചാക്കി പോകുന്നത്.."

"ഇനിയും നിനക്ക് ബോധ്യമായില്ലേ.. ഇനിയെങ്കിലും സത്യത്തിലേക്ക്, ഇസ്ലാമിലേക്ക് വന്നുകൂടെ?"

ഇക്കുറിയും പരാജയമായിരുന്നു ഫലം..

സൈനബ് നടന്നു.. അവസാനകണ്ണീര്‍ത്തുള്ളിയും അവിടെ ഉപേക്ഷിച്ച് അങ്ങ് ദൂരേക്ക്.. ഇസ്ലാം വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ നാട്ടിലേക്ക്.. വാതില്‍ക്കല്‍ നിന്ന് കൊണ്ട് ദുഃഖഭാരത്താല്‍ വിങ്ങിപൊട്ടി നില്‍ക്കുന്ന അബുല്‍ ആസ് സൈനബ് മക്കയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം അവളെ നോക്കി നിന്നിരിക്കണം.. അവള്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. താന്‍ കൂടെ പോകുമെന്ന് അവള്‍ അപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ..? ഒടുവില്‍ കണ്ണില്‍ നിന്നും അവള്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ അയാള്‍ വീട്ടിനകത്തേക്ക് കയറിപ്പോയി.. ആ വീട്ടില്‍ ഇനി സൈനബില്ല, സൈനബിന്റെ പ്രണയവും..

"പിരിയുന്നു രേണുകേ..... നാം രണ്ടു പുഴകളായ്‌........ ഒഴുകിയകലുന്നു നാം പണയശ്യൂന്യം.........."

---------------------

പുലര്‍ക്കാലം.. ഫജര്‍ ബാങ്ക് കൊടുക്കാന്‍ സമയമാവുന്നതേയുള്ളൂ.. മദീന ശാന്തമായുറങ്ങുകയാണ്..വാതിലില്‍ ശക്തിയായ ഒരു മുട്ടല്‍ കേട്ടു ഞെട്ടലോടെയാണ് സൈനബ് എഴുന്നേറ്റത്.. ആരാണ് ഈ അസമയത്ത്? വാതില്‍ തുറന്നു നോക്കിയ സൈനബിനു തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അബുല്‍ ആസ്..!!

ദൈവമേ.. ഒടുവില്‍ കാത്തിരിപ്പിന് വിരാമം ആവുകയാണോ? ഹബ്ബാറിന്റെ ദ്രോഹങ്ങളും മറികടന്നു മദീനയില്‍ എത്തിയത് മുതല്‍ ഇന്ന് വരെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍.. അതെ, നീണ്ട ആറു വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവള്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനായാണ്.. അബുല്‍ ആസ് ഇസ്ലാമിലേക്ക്, അതുവഴി വീണ്ടും തന്നിലേക്ക് വരുന്ന ദിവസത്തിനായി..

ഒരിക്കലും അവര്‍ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല.. തന്റെ കുഞ്ഞുങ്ങള്‍ മാത്രമുള്ള ഒരു ലോകത്ത് അബുല്‍ ആസിന്റെ ഓര്‍മ്മകളുമായി കഴിയാനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം.. അവള്‍ക്കുറപ്പായിരുന്നു ഒരുനാള്‍ അവന്‍ വരുമെന്ന്.. ഇപ്പോഴിതാ തന്റെ കണ്മുന്നില്‍ അവന്‍ വീണ്ടും...

പക്ഷെ മനസ്സില്‍ തിരതല്ലിയ ആഹ്ലാദത്തിനു നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.. അബുല്‍ ആസ് മുസിം ആയോ മുഹാജിര്‍ ആയോ വന്നതല്ല, മറിച്ചു അഭയം തേടി വന്നതാണത്രെ..

മക്കയില്‍ നിന്നും മദീനവഴി ശാമിലേക്ക് ഒരു കച്ചവടസംഘവുമായി പോവുകയായിരുന്നു അബുല്‍ ആസ്.. തങ്ങളുടെ നാട്ടിലൂടെ ചരക്കുകളുമായി സഞ്ചരിക്കുകയായിരുന്ന ശത്രുഭടനെ കണ്ട മദീനയിലെ സൈനികര്‍ സംഘത്തെ തടഞ്ഞു നിര്‍ത്തി.. അവര്‍ കച്ചവടച്ചരക്കുകള്‍ പിടിച്ചെടുത്തു.. പക്ഷെ അബുല്‍ ആസ് എങ്ങനെയോ അതിസമര്‍ത്ഥമായി അവരുടെ കണ്ണ് വെട്ടിച്ചു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.. അയാള്‍ക്ക് അഭയം അന്വേഷിച്ചു ചെല്ലാന്‍ മറ്റൊരു വീടുണ്ടായിരുന്നില്ല, മറ്റൊരു ആളുണ്ടായിരുന്നില്ല മദീനയില്‍.. അങ്ങനെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കാലം അബുല്‍ ആസിനെ വീണ്ടും സൈനബിന്റെ മുന്നില്‍ എത്തിച്ചു.. ഭര്‍ത്താവായിട്ടല്ല, അഭയാര്‍ഥിയായിട്ട്..!

സൈനബിന്റെ ഉള്ളില്‍ മൊട്ടിട്ട സന്തോഷം എത്ര പെട്ടെന്നാണ് ഇല്ലാതായത്.. എങ്കിലും അവള്‍ അത് പുറത്തു കാണിച്ചില്ല..
"ഭയക്കേണ്ട.. അലിയുടെയും ഉമൈമയുടെയും പിതാവേ, എന്റെ മാതുലപുത്രാ.. സൈനബിന്റെ വീട്ടിലേക്ക് സ്വാഗതം.."

----------

ഫജര്‍ നമസ്കാരത്തിനു സലാം വീട്ടിയതും മസ്ജിദുന്നബവിയിലെ ജനകൂട്ടത്തിന്‍റെ പിറകില്‍ നിന്നും ഉച്ചത്തിലൊരു സ്ത്രീശബ്ദം..

"അബുല്‍ ആസ് ഇബ്നു റബീഇനെ ഞാന്‍ സ്വന്തന്ത്രനാക്കിയിരിക്കുന്നു..."

ശബ്ദം കേട്ടു നബി തിരിഞ്ഞു നോക്കി...

"ഞാനിപ്പോള്‍ കേട്ട ശബ്ദം നിങ്ങളും കേട്ടുവോ?"

"അതെ പ്രവാചകരെ, ഞങ്ങളും കേട്ടു.." ഏവര്‍ക്കും ആകാംക്ഷയായി..

സൈനബ് എഴുന്നേറ്റു.. എല്ലാ ദൃഷ്ടികളും ഇപ്പോള്‍ നബിപുത്രിയുടെ മേലെയാണ്..

"അബുല്‍ ആസ് എന്റെ മാതുലപുത്രന്‍ ആണ്. എന്റെ കുട്ടികളുടെ പിതാവും.. ഞാന്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കിയതായി പ്രഖ്യാപിക്കുന്നു.."

.. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും, അവര്‍ അപകടകാരികള്‍ അല്ലെങ്കില്‍ സ്വതന്ത്രരാക്കാന്‍ ഏവര്‍ക്കുമുള്ള അവകാശം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു സൈനബ്.. കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം നബി എഴുന്നേറ്റു നിന്നു..

"അല്ലയോ ജനങ്ങളെ.. ആ മനുഷ്യന്‍ എന്റെ മകളുടെ ഭര്‍ത്താവ് ആയിരുന്ന കാലത്തോളം എനിക്കെന്നും ഒരു നല്ല മരുമകന്‍ ആയിരുന്നു. എനിക്കദ്ദേഹത്തെ നന്നായി അറിയാം.. അദ്ദേഹം ഒരിക്കലും വാക്ക് ലംഘിക്കാറുണ്ടായിരുന്നില്ല, കളവു പറയുന്നവനുമല്ല, അയാള്‍ അപകടകാരിയുമല്ല.. അതിനാല്‍ നിങ്ങള്‍ക്ക് സമ്മതം ആണെങ്കില്‍ അദ്ദേഹത്തിന്റെ കച്ചവടചരക്കുകളുമായി അദ്ദേഹത്തെ ഞാന്‍ നാട്ടിലേക്ക് തന്നെ തിരിച്ചയക്കാം.. അതല്ല, നിങ്ങള്‍ക്ക് സമ്മതം അല്ലെങ്കില്‍, അത് നിങ്ങളുടെ തീരുമാനത്തിനു വിടുന്നു.. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല.."

പുഞ്ചിരി തൂകി അവര്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കി.. "പ്രവാചകരേ, അദ്ദേഹത്തെ അദ്ദേഹത്തിന്റെ സമ്പത്തുമായി തിരിച്ചയക്കുക"... നബിയെ പോലെ തന്നെ കരുണാര്‍ദ്രമനസ്‌കരായ അനുയായികള്‍ അതല്ലാതെ വേറെ എന്ത് മറുപടി പറയാന്‍..?

നബി സൈനബിനെ നോക്കി വിളിച്ചു പറഞ്ഞു..

"സൈനബ്.. നീ സ്വതന്ത്രനാക്കിയവനെ ഞങ്ങളും സ്വതന്ത്രനാക്കിയിരിക്കുന്നു.."

ശേഷം നബി പതിയെ സൈനബിന്റെ അടുത്തേക്ക് നടന്നു.. എന്നിട്ട് അവളോട് മാത്രമായി പറഞ്ഞു..

"അവനോടു നല്ല രീതിയില്‍ വര്‍ത്തിക്കുക.. അവന്‍ നിന്റെ മാതുലപുത്രന്‍ ആണ്, നിന്റെ കുഞ്ഞുങ്ങളുടെ പിതാവുമാണ്.. പക്ഷെ.... നിന്റെ ഭര്‍ത്താവല്ല.. അവന്‍ നിനക്ക് വിലക്കപ്പെട്ടവനാണ്.. അതിനാല്‍ ഭര്‍ത്താവ് എന്ന രീതിയില്‍ നിന്നെ സമീപിക്കുന്നതിനെ സൂക്ഷിക്കുക.. ക്ഷീണം മാറിയതും അവനെ തിരിച്ചയക്കുക.."

വിനയാന്വിതയായി സൈനബ് മറുപടി നല്‍കി.. "അതെ പിതാവേ, താങ്കള്‍ പറയുന്നത് ഞാന്‍ അനുസരിക്കുന്നു.."

----------

താനിപ്പോഴും അഭയാര്‍ഥി ആണെന്ന് കരുതി ഭയന്നിരിക്കുകയായിരുന്ന അബുല്‍ ആസിനോട് സൈനബ് കാര്യങ്ങളെല്ലാം വിശദീകരിച്ചു.. അവനു വേണ്ട പരിചരണങ്ങള്‍ എല്ലാം നല്‍കി..

ഈ നിമിഷങ്ങളില്‍ എപ്പോഴെങ്കിലും ആരെങ്കിലും സൈനബിന്റെ ഭാഗത്ത്‌ നിന്നൊന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

കൂടെ ഉള്ള ആ മനുഷ്യന്‍ ഈ ജീവിതകാലത്തിനിടയ്ക്ക് തന്റെ മനസ്സും ശരീരവും സ്വന്തമാക്കിയ ഒരേയൊരു പുരുഷനാണ്.. അവരൊരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍, പ്രണയിച്ചു തീരാത്ത അവരുടെ ജീവിതം. ആകാശത്തിന്റെ ഉയരത്തില്‍, സമുദ്രങ്ങളുടെ ആഴത്തില്‍ പരസ്പരം സ്നേഹിച്ചത്.. അബുല്‍ ആസ് സൈനബിന്റെ മാതുലപുത്രന്‍ ആണ്, അബുല്‍ ആസ് സൈനബിന്റെ കുഞ്ഞുങ്ങളുടെ പിതാവാണ്.. പക്ഷെ..... അബുല്‍ ആസ് സൈനബിന്റെയല്ല, സൈനബ് അബുല്‍ ആസിന്റെയുമല്ല..

ഹൃദയരണാങ്കണത്തില്‍ ഇരുപ്രണയങ്ങളും തമ്മില്‍ എത്ര തവണ പോരാടിയിട്ടുണ്ടാവും..? പക്ഷെ അപ്പോഴെല്ലാം മുമ്പ് പരാജയപ്പെട്ട അതേ പ്രണയം തന്നെ വീണ്ടും വീണ്ടും പരാജയപ്പെട്ടു.. അതെ, സൈനബിനതറിയാം.. അബുല്‍ ആസ് സൈനബിന്റെയല്ല, സൈനബ് അബുല്‍ ആസിന്റെയുമല്ല..!!

"നിനക്ക് ഞങ്ങളെ എല്ലാവരെയും നഷ്ട്ടപ്പെടുന്നില്ലേ? ഇപ്പോഴും സത്യം മനസ്സിലാക്കുന്നതില്‍ നിന്നും നിന്നെ തടയുന്നതെന്താണ്? ഇനിയെങ്കിലും ഇസ്ലാം സ്വീകരിച്ചു കൂടെ?"

എന്നത്തേയും പോലെ അന്നും ആ ശ്രമം പരാജയപ്പെട്ടു.. അവളോട്‌ നന്ദി പറഞ്ഞുകൊണ്ട് തന്റെ സമ്പത്തുമായി അബുല്‍ ആസ് മക്കയിലേക്ക് തന്നെ തിരിച്ചു പോയി.. നിമിഷാര്‍ദ്ധമെങ്കിലും വീണ്ടും സ്വപ്നങ്ങളുടെ കൂമ്പാരം നല്‍കിയ ശേഷം അത് തച്ചുടച്ചു കൊണ്ട് വീണ്ടും അവന്‍ പോയി.. സൈനബ് എന്നത്തേയും പോലെ തനിച്ചായി..

----------

"ഹേ ജനങ്ങളെ.. ഇതാ നിങ്ങളുടെ സമ്പത്ത്.. എല്ലാം ഉണ്ടോ എന്നും എന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോദിക്കുക.."

മക്കയിലെത്തിയ ശേഷം തടിച്ചു കൂടിയ ജനങ്ങളോടായി, ആ സമ്പത്തിന്റെ അവകാശികളോടായി അബുല്‍ ആസ് വിളിച്ചു ചോദിച്ചു..

"ഇല്ല അബുല്‍ ആസ്.. ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല.. താങ്കള്‍ക്ക് നന്ദി.."

അബുല്‍ ആസിന്റെ ശബ്ദം ഉയര്‍ന്നു.. ചൂണ്ടുവിരല്‍ മേലോട്ടുയര്‍ത്തി കൊണ്ട് അയാള്‍ അവരോടു വിളിച്ചു പറഞ്ഞു..

"അബുല്‍ ആസ് മക്കക്കാരുടെ സമ്പത്തുമായി കടന്നു കളഞ്ഞു എന്ന് നിങ്ങളില്‍ ആരും ഇനി പറയാതിരിക്കട്ടെ. അഭയാര്‍ഥി ആയപ്പോള്‍ ഭയം കൊണ്ട് അബുല്‍ ആസ് തന്റെ വിശ്വാസങ്ങളെ ഉപേക്ഷിച്ചു എന്നും നിങ്ങളാരും ചിന്തിക്കാതിരിക്കട്ടെ.. അബുല്‍ ആസ് ഇപ്പോള്‍ സ്വതന്ത്രനാണ്.. നിങ്ങളുടെ ആരുടേയും ഒരു തരിസമ്പത്ത് എന്റെ കയ്യിലില്ല.. അതിനാല്‍ അഭിമാനത്തോടെ തന്നെ ഞാനിതാ പ്രഖ്യാപിക്കുന്നു....അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്.. വ അശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്..!!"

ഇരുപതു വര്‍ഷങ്ങള്‍ ഒരു സ്ത്രീയുടെ തുടര്‍ച്ചയായുള്ള പ്രാര്‍ത്ഥനയ്ക്ക് ആകാശഭൂമികളുടെ നാഥന്‍ ഉത്തരം നല്‍കിയ നിമിഷം.. മക്കയുടെ മണല്‍ത്തരികള്‍ വരെ കോരിത്തരിച്ചു പോയ നിമിഷം.. അബുല്‍ ആസ് മുസ്ലിമായിരിക്കുന്നു..!!

അബുല്‍ ആസ് കുതിരയുടെ കടിഞ്ഞാണ്‍ തിരിച്ചു.. വീണ്ടും മദീനയിലേക്ക്..! കുതിച്ചുപായുന്ന ആ അശ്വാരൂഢന്‍റെ മുഖത്ത് ഇപ്പോള്‍ എന്തെല്ലാം ഭാവങ്ങളാണ്.. ഒരു വിപ്ലവകാരിയുടെ വീര്യമുണ്ട്, ഒരു പോരാളിയുടെ ശൂര്യമുണ്ട്.. പിന്നെ... ഒരു ഭര്‍ത്താവിന്റെ പ്രണയമുണ്ട്.. അത് സൈനബിനുള്ളതാണ്.. സൈനബിനു മാത്രം..

അദ്ദേഹം വീണ്ടും മദീനയിലെത്തി. അബുല്‍ ആസ് കിതക്കുന്നുണ്ടായിരുന്നു.. മദീനയിലെ തെരുവുകളില്‍ ആ കണ്ണുകള്‍ നബിയെ പരതുകയായിരുന്നു.. നബി തെരുവുകളില്‍ ആണുണ്ടാവുക.. അയാള്‍ക്കതറിയാം.. ഒടുവില്‍ അദ്ദേഹം നബിയെ കണ്ടെത്തി.. നബിയുടെ കൈകള്‍ തന്‍റെ മാറോടു ചേര്‍ത്ത് കൊണ്ട് അബുല്‍ ആസ് ഇസ്ലാമിന്റെ ആ മുദ്രാവാക്യം വീണ്ടും വിളിച്ചു പറഞ്ഞു.. നബിക്ക് തന്റെ കണ്ണീരിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. തന്റെ മകളുടെ ആ ഇഷ്ടത്തെ നബി വാരിപ്പുണര്‍ന്നു..

ഒട്ടും സമയം കളഞ്ഞില്ല.. അബുല്‍ ആസ് വീണ്ടും ചോദിച്ചു.."ഞാനിപ്പോള്‍ സൈനബിനു അനുവദനീയം ആണോ? എനിക്കവളെ വീണ്ടും പരിണയിക്കാമോ? കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിലും അണപല്ലുകള്‍ കാണെ നബി പുഞ്ചിരിച്ചു.. എന്നിട്ട് വലംകൈ കൊണ്ട് അബുല്‍ ആസിന്റെ ഇടം കയ്യില്‍ മുറുകെ പിടിച്ചു.. ജനങ്ങള്‍ ആഹ്ലാദത്തോടെ നോക്കി നില്‍ക്കുന്നതിന്റെ ഇടയിലൂടെ മദീനയിലെ ഇടവഴികളിലൂടെ തന്റെ മരുമകന്റെ കയ്യും പിടിച്ചു ആ പിതാവ് നടന്നു.. സൈനബിന്റെ വീട്ടിലേക്ക്....

----------

പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന നബിയെയും അബുല്‍ ആസിനെയും കണ്ടു അമ്പരന്നു നില്‍ക്കുകയാണ് സൈനബ്..

"സൈനബ്.. നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു.. അബുല്‍ ആസ് മുസ്ലിമായിരിക്കുന്നു.. അവന്‍ നിന്നെ വീണ്ടും വിവാഹം ആലോചിച്ചിരിക്കുന്നു.. അല്ലയോ എന്റെ മകളെ, അവനെ വിവാഹം കഴിക്കാന്‍ നിനക്ക് സമ്മതമാണോ?"

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പിതാവ് മകളോട് ചോദിച്ച അതേ ചോദ്യം..

പടിഞ്ഞാറ് അസ്തമിച്ച സൂര്യന്‍ സൈനബിന്റെ കവിളിലാണോ ഉദിച്ചത്? ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. സൈനബ് വീണ്ടും ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ കൊച്ചു പെണ്‍കുട്ടി ആവുകയായിരുന്നു..! അന്ന്, നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ആകാശപ്പന്തലിനു കീഴില്‍, മുഹാജിറുകളും അന്‍സാരികളും പ്രാര്‍ത്ഥനയുടെ പൂക്കള്‍ വര്‍ഷിക്കുന്നതിന്‍റെ നടുവില്‍, മദീനയുടെ ഭരണാധികാരിയുടെ കാര്‍മ്മികത്വത്തില്‍, ദൈവദൂതന്റെ ഇടതും വലതുമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന ആ നിമിഷത്തില്‍ അബുല്‍ ആസ് വീണ്ടും സൈനബിന്റെ ആയി.. സൈനബ് അബുല്‍ ആസിന്റെയും..!!

മക്കയില്‍ വച്ച് ഇടയ്ക്കെപ്പോഴോ എഴുതി നിര്‍ത്തേണ്ടി വന്ന ആ പ്രണയകാവ്യം അവര്‍ക്കിനി മദീനയുടെ മണ്ണില്‍ എഴുതിത്തുടങ്ങണം.. അതിനി കൂടുതല്‍ സുന്ദരമാവും.. ജാഹിലിയ്യത്തിലെ പ്രണയത്തേക്കാള്‍ സുന്ദരമായ ഇസ്ലാമിലെ പ്രണയത്തിന്റെ അതിമനോഹരകാവ്യമാവും..

----------

പക്ഷെ കാലം അതിന്റെ ചെപ്പില്‍ അവര്‍ക്കായി ഒരുപാട് മുത്തുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നില്ല.. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സൈനബ് ഈ ലോകം വെടിഞ്ഞു..

സൈനബിന്റെ ഖബറിന് മുന്നില്‍ നിന്ന് കൊണ്ട് അലിയെയും ഉമൈമയെയും ചേര്‍ത്ത് പിടിച്ചു കൊണ്ട് അബുല്‍ ആസ് വിതുമ്പുകയായിരുന്നു..

"ദൈവമാണെ, സൈനബില്ലാതെ അബുല്‍ ആസിനു കഴിയുന്നില്ല.."

നബിക്ക് അത് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല.. നബിക്ക് മാത്രമല്ല. കണ്ടുനില്‍ക്കുന്ന ഓരോ മനുഷ്യന്റെയും കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച.. സൈനബിന്റെ വിരഹത്തില്‍ വേദന പൂണ്ടു ജീവിക്കുന്ന അബുല്‍ ആസിനെ കാണുമ്പോഴെല്ലാം നബി തന്‍റെ വിരഹവും ഓര്‍ക്കുമായിരുന്നു.. തന്റെ ഖദീജയെ ഓര്‍ക്കുമായിരുന്നു.. അവര്‍ക്കൊപ്പം സൈനബിനെയും..

ഒരു വര്‍ഷം മാത്രം.. അബുല്‍ ആസും ഈ ലോകം വെടിഞ്ഞു..

----------

അവരിപ്പോള്‍ മദീനയിലെ ഏതോ ഖബറുകളിലാണ്.. അവര്‍ കാത്തിരിക്കുകയാണ്.. രണ്ടാമത്തെ കാഹളം മുഴങ്ങുന്ന നിമിഷത്തിനായി..

എന്നിട്ട് വീണ്ടും ഒന്നിക്കണം.. അങ്ങകലെ.. പ്രപഞ്ചങ്ങള്‍ക്കുമകലെ.. ദൈവത്തിന്റെ സന്നിധിയില്‍, സ്വര്‍ഗ്ഗകന്യകമാര്‍ കുരവയിടുമ്പോള്‍, മാലാഘമാര്‍ പൂക്കള്‍ വര്‍ഷിക്കുമ്പോള്‍, താഴ്ഭാഗത്ത്‌ കൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ വച്ച് വീണ്ടും ഒന്നിക്കുന്ന ആ സുന്ദരനിമിഷത്തിനായി അവര്‍ ഇപ്പോഴും ആ ഖബറുകളില്‍ കാത്തിരിക്കുന്നുണ്ട്....

അവരുടെ പ്രണയം അവസാനിക്കുന്നില്ല..

〰〰〰〰〰〰〰〰〰
ℹഇസ്ലാമിക്‌ വോയിസ്‌
〰〰〰〰〰〰〰〰〰r

1 comment:

  1. 2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.

    ReplyDelete